സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും, ആഘോഷിക്കാന്‍ ‘ചിക്കന്‍ സഞ്ജു ബാബ’ ഫ്രീ ആയി നല്‍കാന്‍ ആരാധകന്‍

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും. 1993 മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25നു രാവിലെ ഒമ്പതിനു സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ച് വീട്ടിലേക്കു കൊണ്ടുപോകാന്‍ ജയിലില്‍ എത്തും. വീട്ടുകാര്‍ സ്വാഗതപരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന ബോളിവുഡ് താരത്തെ നല്ല നടപ്പിന്റെ പേരിലാണു നേരത്തേ മോചിപ്പിക്കുന്നത്.

അതേസമയം മോചിതനാകുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിനെ സ്വീകരിക്കാന്‍ പ്രത്യേക വിഭവം ഒരുക്കി ഹോട്ടല്‍ ഉടമയായ ആരാധകന്‍ കാത്തിരിക്കുകയാണ്. സതേണ്‍ മുംബൈയിലെ നൂര്‍ മുഹമ്മദി ഹോട്ടല്‍ ഉടമായായ ഖാലിദ് ഹക്കിം ആണു വിഭവം ഒരുക്കിയിരിക്കുന്നത്. ‘ചിക്കന്‍ സഞ്ജു ബാബ’ എന്നാണു വിഭവത്തിന്റെ പേര്. ഇഷ്ടനടന്റെ ജയില്‍ മോചനം ഹോട്ടലില്‍ ഉടമയായ ആരാധകന്‍ ആഘോഷിക്കുന്നത് പ്രത്യേക വിഭവം ഫ്രീ ആയി നല്‍കിയാണ്. ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയാണു ചിക്കന്‍ സഞ്ജു ബാബ ഫ്രീയായി ഹോട്ടലില്‍ ലഭിക്കുക.

ചിക്കന്‍ സഞ്ജു ബാബ എന്ന ഗ്രേവി ടൈപ് ചിക്കന്‍ കറി ഉണ്ടാക്കിയത് സഞ്ജയ് ദത്ത് തന്നെയാണെന്നതാണു മറ്റൊരു രസകരമായ വസ്തുത. 2010ല്‍ ഒരു തവണ ഹോട്ടലില്‍ എത്തിയപ്പോള്‍ സഞ്ജയ് ദത്ത് ഗ്രേവി ടൈപ്പ് ചിക്കന്‍ കറി ഉണ്ടാക്കി. പിന്നീട് ഈ കറി ചിക്കന്‍ സഞ്ജു ബാബ എന്ന പേരില്‍ ഹോട്ടലിന്റെ മെനുവില്‍ ഇടംപിടിച്ചു. ആളുകള്‍ ചിക്കന്‍ സഞ്ജു ബാബ കഴിക്കാനായി മാത്രം ഹോട്ടലില്‍ എത്താറുണ്ടെന്നും ഖാലിദ് ഹക്കിം പറയുന്നു.

1986-ല്‍ ഹോട്ടല്‍ പുതുക്കി പണിതതിനു ശേഷം ഉദ്ഘാടനം ചെയ്തത് സഞ്ജയ് ദത്താണ്. അന്നുമുതല്‍ ഹോട്ടലില്‍ ഒരുക്കുന്ന വിഭവങ്ങള്‍ കഴിക്കാന്‍ ഇടയ്ക്കിടയ്ക്ക് ദത്ത് സാബ് ഹോട്ടലില്‍ വരാറുണ്ടെന്നും ഖാലിദ് ഹക്കിം പറഞ്ഞു. 1923-ലാണ് നൂര്‍ മുഹമ്മാദി ഹോട്ടല്‍ ആരംഭിച്ചത്. സൂപ്പര്‍ താരമായ സഞ്ജയ് ദത്ത് വമ്പന്‍ ഹോട്ടലുകളില്‍ പോകുന്നതുപോലെയാണു തങ്ങളുടെ ഈ ചെറിയ ഹോട്ടലിനെയും കാണുന്നതെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: