രാജേഷ് പിള്ളയെ മരണത്തിലേക്ക് നയിച്ചത് പെപ്‌സിയും ജംഗ്ഫുഡുമെന്ന് സുഹൃത്ത്

മലയാള സിനിമയില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംവിധായകനായ രാജേഷ് പിള്ളയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയും പ്രേക്ഷകരെയും ഒരെപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുതരമായ കരള്‍ രോഗത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് ശീതളപാനിയങ്ങളും ജംഗ്ഫുഡുമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മദ്യപാനം പുകവലി എന്നീ ശീലങ്ങളൊന്നും ഇല്ലാതിരുന്ന രാജേഷിനെ മരണത്തിലേക്ക് നയിച്ചത് ജംഗ്ഫുഡാണ്. രാജേഷിന്റെ മരണത്തിന് കാരണമായ ഭക്ഷണക്രമത്തെക്കുറിച്ച് സുഹൃത്തായ സുബ്രഹ്മണ്യന്‍ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ തലമുറയ്ക്ക് ഒരു പാഠമാണ്.
സുബ്രഹ്മണ്യന്‍ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവെച്ച ഗുരുതരമായ അപകടങ്ങളെ അതിജീവിച്ചവനാണെങ്കിലും കുത്തിവെപ്പുകളെ രാജേഷ് ശരിക്കും ഭയപ്പെട്ടു.
ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികില്‍സയുടെ ഒരുഘട്ടത്തില്‍ കുത്തിവെപ്പുകള്‍ ഒഴിവാക്കാനാവാതെ വന്നപ്പോഴാണ് രാജേഷ് അതുമായി സന്ധി ചെയ്തത്. ഇന്ന്! നിര്‍മമവും നിരാമയവുമായ മരണം അദ്ദേഹത്തെ കൂടെ കൂട്ടുമ്പോള്‍ വേദനകളുടെ കാഠിന്യങ്ങളില്‍ നിന്ന്! വലിച്ചുമാറ്റുകയായിരുന്നുവോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.?!
രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയ സമയത്ത് രോഗിയാവാന്‍ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കിഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത്കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു . പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്സിപാനം തന്നെയായിരുന്നു.
‘വേട്ട ‘ എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. രാജേഷ് വലിയ പ്രതീക്ഷയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുമെന്നും സിനിമ വന്‍ വിജയം നേടുമെന്നും.
പക്ഷെ കാലം എത്ര വിചിത്രരൂപിയാണ്. എല്ലാം തകിടംമറിക്കാന്‍ അതിനെന്തുല്‍സാഹമാണ്. നല്ല സിനിമകള്‍ ചെയ്ത ഒരാളായിട്ടും സിനിമയെക്കുറിച്ച് ധാരാളം പഠിക്കണം എന്നൊരാഗ്രഹമാണ് രാജേഷ് എന്നോട് പങ്കുവെച്ചത്. കാലം അതിനെല്ലാം വിലക്കിട്ടു.
ഒരുപാട് സിനിമാമോഹങ്ങളുമായി ലോകത്തെ ചിത്രീകരിക്കുവാന്‍ പുറപ്പെട്ട ഈ ചെറുപ്പക്കാരന്‍ ജംഗ്ഫുഡിന്റെ രക്തസാക്ഷിയാവാനാണോ വിധിയായത്.?

Share this news

Leave a Reply

%d bloggers like this: