യമനില്‍ നിന്ന് തട്ടികൊണ്ട് പോയ മലയാളിവൈദികനെ കുറിച്ച് വിവരമില്ല

ന്യൂഡല്‍ഹി: യമനില്‍നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. വൈദികനെ കണ്ടെത്തുന്നതിനായി രാജ്യാന്തര തലത്തില്‍ ഇടുപെടലുകള്‍ നടത്താനുള്ള ശ്രമത്തിലാണ് സലേഷ്യന്‍ സഭ അധികൃതര്‍. കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോമിനെ വെള്ളിയാഴ്ച രാവിലെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

2010വരെ കര്‍ണാകടയിലെ ഹസനില്‍ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലേക്ക് ഫാ. ടോം ഉഴുന്നാലില്‍ പോകുന്നത്. സലേഷ്യന്‍ സഭ ബെംഗളൂരു പ്രൊവിന്‍സ് അംഗമായ ടോമിനെ കൂടാതെ മറ്റൊരു വൈദികനും അഞ്ച് കന്യാസ്ത്രീകളും ജീവനക്കാരും മിഷനറീസ് ഓഫ് ചാരിറ്റീസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടേക്കാണ് കഴിഞ്ഞദിവസം നാല് തീവ്രവാദികള്‍ അതിക്രമിച്ചുകയറി പതിനാറുപേരെ വെടിവച്ചുകൊന്നത്. ഒരു ഇന്ത്യക്കാരിയടക്കം നാല് കന്യാസ്ത്രീകളും കൊല്ലപ്പെട്ടു. ഇതിനുശേഷം ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയി.

രക്ഷപെട്ട മലയാളിയായ സിസ്റ്റര്‍ സാലിയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവംനടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും യാതൊരുവിവരവും ഇല്ലാത്തതിനാല്‍ ഫാ. ടോമിനെകണ്ടെത്തുന്നതിനായി സഭ വ്യത്യസ്ത തലത്തില്‍ ഇടപെടലുകള്‍ ആരംഭിച്ചുകഴിഞ്ഞു. ജീവന്‍ അപകടത്തിലായിരുന്നിട്ടും അഗതികളെ സംരക്ഷിക്കാനുള്ള മനസാണ് ഫാ. ടോം ഉഴുന്നാലിനെ യെമനില്‍ തുടരാന്‍ നിര്‍ബന്ധിതനാക്കിയത്. മദര്‍ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റീസില്‍ 1998ലും അക്രമം നടന്നിട്ടുണ്ട്. അന്ന് മൂന്ന് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: