ജെഎന്‍യു സംഭവം: ചാനലുകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളുടെ കൃത്രിമ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മൂന്നു ടിവി ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശകരില്‍ നിന്നു നിയമസാധുതകള്‍ തേടി. ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജെഎന്‍യു കാമ്പസില്‍ നടന്ന പരിപാടിക്കിടെ ആരും രാജ്യാദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നീക്കമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു കാമ്പസില്‍ കാഷ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ സംസാരിക്കുന്ന പരിപാടിയുടെ ദൃശ്യങ്ങളുമായി ചേര്‍ത്തു വ്യാജ വീഡിയോ നിര്‍മിക്കുകയായിരുന്നു. കൃത്രിമമായി നിര്‍മിച്ച വീഡിയോ ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ വീഡിയോയുടെ ഉറവിടം കണെ്ടത്താനുള്ള അന്വേഷണങ്ങളും ആരംഭിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേട്ട് തല അന്വേഷണത്തിന്റെ ഭാഗമായി ചാനലുകളോട് വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഫ്യൂഡല്‍ വ്യവസ്ഥയ്ക്കും കുത്തകകള്‍ക്കുമെതിരേ കനയ്യ സംസാരിക്കുന്ന യഥാര്‍ഥ വീഡിയോ ദൃശ്യത്തില്‍ ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: