ചിരിയോര്‍മ്മകള്‍ ബാക്കിയാക്കി മണി മടങ്ങി; ഒരു നോക്കു കാണാന്‍ ജനലക്ഷങ്ങള്‍

ചാലക്കുടി: മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഭൗതിക ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.
മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയ ചിതയ്ക്ക് മണിയുടെ സഹോദരീപുത്രന്‍ വൈകുന്നേരം 5.27ഓടെ തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മണിയുടെ മരണവാര്‍ത്തയറിഞ്ഞ് രാവിലെ മുതല്‍ ജനലക്ഷങ്ങളാണ് മണിയെ ഒരു നോക്കുകാണാന്‍ തൃശൂരിലേക്കും പിന്നീട് ചാലക്കുടിയിലേക്കും ഒഴുകിയെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും വൊളന്റിയര്‍മാരും നന്നേ ബുദ്ധിമുട്ടി.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അങ്കണത്തില്‍ അല്‍പ്പ സമയം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആശുപത്രി അങ്കണത്തില്‍ രാവിലെ തന്നെ ആയിരങ്ങളാണ് എത്തിയത്. പന്ത്രണ്ട് മണിയോടെ സംഗീത നാടക അക്കാദമി ഹാളിലും തുടര്‍ന്ന് ചാലക്കുടി മുനിസിപ്പല്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
വൈകിട്ട് 4.15ഓടെയാണ് മണിയുടെ മൃതദേഹം തന്റെ പ്രിയപ്പെട്ട മണിക്കൂടാരത്തില്‍ എത്തിച്ചത്. സംഗീതനാടക അക്കാദമി ഹാളിലും ചാലക്കുടി മുനിസിപ്പല്‍ ഹാളിലും അണമുറിയാത്ത ജനപ്രവാഹമാണ് മണിയെ കാണാന്‍ എത്തിയത്.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി.

മുകേഷ്, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ജയറാം തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ മണിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. താരജാഡകളില്ലാതെ ഒരു സാധാരണക്കാരനായി തങ്ങള്‍ക്കൊപ്പം നിന്ന മണിക്ക് ഏറെ വികാരനിര്‍ഭരമായാണ് നാട് വിട നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: