പരിസ്ഥിതി മലിനീകരണം: ജയിലില്‍ പോകേണ്ടി വന്നാലും പിഴയൊടുക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നടത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ജയിലില്‍ പോകേണ്ടിവന്നാലും പിഴ ഒടുക്കില്ലെന്ന നിലപാടിലാണ് രവിശങ്കര്‍. പിഴ ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ലോക സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടി പറയവേയാണ് രവിശങ്കര്‍ നയം വ്യക്തമാക്കിയത്.

പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടിയാണ് യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുന്നതിനു ഹരിത ട്രൈബ്യൂണല്‍ അഞ്ചു കോടി പിഴയിട്ടത്. ഈ നീക്കത്തിനെതിരേ അപ്പീല്‍ നല്‍കാനാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നീക്കം. 1000 ഏക്കറിലധികം പ്രദേശത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിന്റെ തയാറെടുപ്പുകള്‍ക്കായി പരിസ്ഥിതിക്ക് ഒരുനാശവും വരുത്തിയില്ലെന്നും എല്ലാം താത്കാലികമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, സാംസ്‌കാരികോത്സവത്തിനു ഹരിത െ്രെടബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തി. സാംസ്‌കാരിക സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോടും ജലവിഭവ മന്ത്രാലയത്തോടും നിര്‍ദേശിച്ചിരുന്നു. പരിപാടി നടത്തുന്നതിനു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്നും ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: