സ്മൃതി ഇറാനിക്കെതിരായ ശശിതരൂരിന്‍റെ പരാമര്‍ശം വിവാദമാകുന്നു

ന്യൂഡല്‍ഹി:  സ്മൃതി ഇറാനിക്കെതിരായ ശശിതരൂരിന്‍റെ പരാമര്‍ശം വിവാദമാകുന്നു. വെറും ടിവി മെറ്റീരിയലായ സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായിരിക്കാന്‍ പറ്റിയ ആളല്ലെന്നായിരുന്നു ശശിതരൂരിന്റെ പ്രസ്താവന. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കേണ്ടവര്‍ കേന്ദ്രമന്ത്രിയാകുന്നതാണ് തരൂര്‍ വിമര്‍ശിച്ചത്. നേരത്തേ കനയ്യാകുമാറിനെ ഭഗത് സിംഗിനോട് ഉപമിച്ചതിന് തരൂരിനെതിരേ ബിജെപി രംഗത്ത് വന്നിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് നെഹ്‌റു, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആനിബസന്റ് എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നെന്നും ഭഗത് സിംഗ് അക്കാലത്തെ കനയ്യാകുമാര്‍ ആയിരുന്നെന്നുമായിരുന്നു ശശിതരൂര്‍ പറഞ്ഞത്. എന്നാല്‍ തരൂരിന്റെ വാക്കുകള്‍ ഭഗത് സിംഗിനെ അപമാനിക്കുന്നതാണെന്നായിരുന്ന ബിജെപിയുടെ ആരോപണം.

അതിര്‍ത്തിയില്‍ പോരാടുന്ന സൈനികരെക്കുറിച്ച് അഭിമാനം മാത്രമുള്ള കനയ്യാകുമാറിന് ഇന്ത്യാക്കാരന്‍ എന്നതില്‍ അഭിമാനമില്ലെന്ന് പറയാനാകില്ലെന്നും ശശിതരൂര്‍ പറഞ്ഞു. അതേസമയം തരൂരിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പ്രസ്താവനകളില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. ഒരേയൊരു ഭഗത് സിംഗ് മാത്രമേ ഉള്ളെന്നും ഇനി ഉണ്ടാകില്ലെന്നുമായിരുന്നു മനീഷ് തീവാരിയുടെ വിമര്‍ശനം.

Share this news

Leave a Reply

%d bloggers like this: