സുരേഷ്ഗോപി 40 മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും; സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍

കൊച്ചി : ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിനായി അഞ്ചു ദിവസം മാത്രം നല്‍കുന്ന സുരേഷ് ഗോപി 40 മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ഇതിനായി അദ്ദേഹത്തിനു ഹെലികോപ്റ്റര്‍ നല്‍കും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിലും ചലച്ചിത്ര നടന്‍ ഭീമന്‍ രഘു പത്തനാപുരത്തും ബിജെപി സ്ഥാനാര്‍ഥിയാകും. ഇവരുടേതടക്കം 51 പേരുടെ രണ്ടാം പട്ടികയ്ക്കാണ് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുക്കുന്ന പ്രചാരണ വേദികളിലും ഇരിപ്പിടമുണ്ടാകും.

കനത്ത ചൂടില്‍ ജില്ലകള്‍തോറും സഞ്ചരിക്കുന്നതു ശാരീരികമായി ബുദ്ധിമുട്ടായിരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നതായി സുരേഷ് ഗോപി മനോരമയോടു പറഞ്ഞു. തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനു വേണ്ടി അരദിവസത്തെ പ്രചാരണം നടത്തും. തിരുവനന്തപുരത്തു സുരേഷ് ഗോപി മത്സരരംഗത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി തയാറായത്. സുരേഷ് ഗോപിയില്ലെങ്കില്‍ ഇവിടെ അദ്ദേഹം നിര്‍ദേശിക്കുന്ന ആള്‍ എന്നതായിരുന്നു ധാരണ.

Share this news

Leave a Reply

%d bloggers like this: