പനാമ പേപ്പേഴ്‌സ് 2 ; വ്യവസായിക രാഷ്ട്രീയ കായിക രംഗങ്ങളിലെ കൂടുതല്‍ പേരുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പനാമയിലെ മൊസാക്ക ഫെന്‍സെകയില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പനാമ പേപ്പേഴ്‌സിന്റെ രണ്ടാം ഭാഗത്തിലാണ് കൂടുതല്‍ പേരുകളുള്ളത്. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, കായിക താരങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പ്രമുഖരുടെ പേരുകളാണ് രണ്ടാം പട്ടികയിലുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്.

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇഖ്ബാല്‍ മിര്‍ഷിയുടെ പേര് പട്ടികയിലുണ്ട്. രാഷ്ട്രീയക്കാരന്‍ അനുരാഗ് കെജ്‌രിവാള്‍, വ്യവസായികളായ ഗൗതം, കരണ്‍ താപ്പര്‍, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, കപില്‍ സെയ്ന്‍ ജിയോള്‍, സ്വര്‍ണ വ്യാപാരി അശ്വിന്‍ കുമാര്‍ മെഹ്‌റ, മുന്‍ ക്രിക്കറ്റര്‍ അശോക് മല്‍ഹോത്ര, മരുന്ന് വ്യവസായി വിനോദ് രാമചന്ദ്ര ജാദവ് എന്നീ പ്രമുഖരാണ് ഇന്നത്തെ പട്ടികയിലുള്ളത്.

ഐ.ടി കമ്പനി പ്രമുഖന്‍ ഗൗതം സീങ്കല്‍, കാര്‍ഷിക വ്യവസായി വിവേക് ജെയ്ന്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രഭാശ് ശങ്ക്‌ള, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാല്‍ ബഹദൂര്‍, ഹരീഷ് മൊഹ്നാനി എന്നിവരും പട്ടികയിലുണ്ട്.

കഴിഞ്ഞദിവസമാണ് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 11 മില്യണ്‍ രേഖകള്‍ പുറത്തായത്. ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങാണ് രേഖകള്‍ പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ് ലോട്ട് തുടങ്ങി 500 ഇന്ത്യക്കാരുടെ പട്ടികയാണ് ആദ്യ ദിവസം പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയ ലോക നേതാക്കളും നികുതിയില്‍നിന്ന് രക്ഷതേടി നേരിട്ടും കുടുംബാംഗങ്ങളുടെ പേരിലും വിദേശത്തെ രഹസ്യകേന്ദ്രങ്ങളില്‍ പണം നിക്ഷേപിച്ചവരാണ്. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ചാണ് ഇവര്‍ വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചത്.

200 ഓളം രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ നാലു പതിറ്റാണ്ടത്തെ രഹസ്യ നിക്ഷേപങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വ്‌ളാദ്മിര്‍ പുടിന്റെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരില്‍ മാത്രം 200 കോടി ഡോളര്‍ രഹസ്യനിക്ഷേപമുള്ളതായാണ് കണക്ക്. പാനമയില്‍ തുടങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങള്‍ വഴി റഷ്യന്‍ ബാങ്കിലത്തെുന്നതാണ് പുടിന്റെ അനധികൃത സാമ്പത്തിക വിനിമയങ്ങള്‍. ഉറ്റസുഹൃത്ത് സെര്‍ജി റോള്‍ഡുഗിന്റെ പേരിലായിരുന്നു ഇവയിലേറെയും. അര്‍കാഡി, ബോറിസ് റോടെന്‍ബര്‍ഗ് എന്നീ സുഹൃത്തുക്കളും സംശയിക്കപ്പെടുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പേര് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിനകത്തും ബ്രിട്ടനിലുള്‍പ്പെടെ വിദേശത്തും വന്‍തോതില്‍ സമ്പാദ്യമുള്ള നവാസ് ശരീഫിന്റെ മക്കള്‍ നികുതി വെട്ടിക്കാന്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നാലു വ്യാജ കമ്പനികള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ലണ്ടന്‍ ഹൈഡ് പാര്‍ക്കിനഭിമുഖമായി ആറ് ആഡംബര ഭവനങ്ങള്‍ സ്വന്തമാക്കി അവയില്‍ നാലെണ്ണത്തിന് ഈ വ്യാജ കമ്പനികള്‍ വഴി ഫണ്ടൊഴുക്കിയതായാണ് ആരോപണം. നവാസ് ശരീഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോക്കെതിരെയും ആരോപണമുണ്ട്.

ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണിനെതിരെ ആരോപണമുയര്‍ന്നതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പിതാവ്, മുതിര്‍ന്ന ഭരണകക്ഷി എം.പിമാര്‍, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ഭാര്യാ സഹോദരന്‍, ചോക്‌ളറ്റ് രാജാവ് എന്നു വിളിക്കപ്പെടുന്ന യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ, ചില അറബ് ഭരണ പ്രതിനിധികള്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചവരാണ്.

പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ഭരണരംഗത്തെ പ്രമുഖര്‍ നികുതിവെട്ടിക്കാന്‍ വിദേശത്ത് പണം നിക്ഷേപിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഇതേക്കുറിച്ച വാര്‍ത്തകള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും ചൈനയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളായ സിനാ വെയ്‌ബോ, വിചാറ്റ് എന്നിവയിലുള്‍പ്പെടെ ഇതുസംബന്ധിച്ചുവന്ന നിരവധി പോസ്റ്റുകള്‍ മണിക്കൂറുകള്‍ക്കകം മായ്ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് പ്രാമുഖ്യമുള്ളതിനാല്‍ പാനമ വെളിപ്പെടുത്തലുകള്‍ മറ്റിടങ്ങളില്‍ കാര്യമായി വെളിച്ചം കണ്ടിട്ടുമില്ല. ജിന്‍പിങ്ങിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഡെങ് ജിയഗുയിയാണ് പുറത്തുവന്ന പട്ടികയില്‍ ചൈനയില്‍നിന്നുള്ള പ്രധാനി. ഷി ജിന്‍പിങ് ഭരണത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ചുവടുവെച്ചുതുടങ്ങിയ 2009 ലാണ് ഡെങ് രണ്ടു കമ്പനികള്‍ വിദേശത്തെ ദ്വീപുകളില്‍ തുടങ്ങുന്നത്. 2012ല്‍ പ്രസിഡന്റായി അധികാരമേറ്റതോടെ ഇവ നിശ്ചലമാവുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയിലെ ചില പ്രമുഖരും പട്ടികയില്‍ ഇടംപിടിച്ചതായി സൂചനയുണ്ട്.

പട്ടികയില്‍ ഉള്‍പെട്ട 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.

-എജെ-

Share this news

Leave a Reply

%d bloggers like this: