എന്താണ് പനാമ പേപ്പേഴ്‌സ്

നൂറിലേറെ മാധ്യമ സംഘങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സഖ്യം നികുതിവെട്ടിച്ച് തങ്ങളുടെ സമ്പത്ത് വിദേശത്തു സൂക്ഷിയ്ക്കുന്ന ലോകത്തെ പ്രമുഖരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ സമഗ്രമായ ഒരു അന്വേഷണത്തിന്റെ ഫലങ്ങള്‍ ഞായറാഴ്ച്ച പ്രസിദ്ധീകരിച്ചു. പനാമയിലെ ഒരു നിയമ സ്ഥാപനമായ മൊസാക് ഫോനെസ്‌കയുടെ രേഖകള്‍ അജ്ഞാത സ്രോതസ് വഴി ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് ചോര്‍ത്തുകയും ലോകവ്യാപകമായി ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് (ICIJ) വഴി പങ്കുവെക്കുകയും ചെയ്തു.

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അര്‍ജന്റീനയുടെ പ്രസിഡണ്ട്, ഐസ്‌ലാന്ഡ് പ്രധാനമന്ത്രി, സൌദി രാജാവ് തുടങ്ങി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായും വരെ ഈ പട്ടികയിലുണ്ട്.

അന്തരാഷ്ട്ര രാഷ്ട്രീയ,സാമ്പത്തിക ഭൂമികയിലെ കോളിളക്കമുണ്ടാക്കാവുന്ന ഈ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

എന്താണ് വെളിപ്പെടുത്തല്‍?

ഏതാണ്ട് 40 വര്‍ഷക്കാലത്തെ 2,14,000 വിദേശ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള രേഖകള്‍ കാണിക്കുന്നത് എങ്ങനെയാണ് ഈ കമ്പനി അവരുടെ ഉപയോക്താക്കള്‍ക്ക് പണം വെട്ടിപ്പിനും, നികുതി തട്ടിപ്പിനും നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും സഹായം നല്കിയത് എന്നാണ്.

മൊസാക് ഫൊനെസ്‌കയില്‍ നിന്നും ചോര്‍ത്തിയ രേഖകള്‍ കാണിക്കുന്നത് ലോകത്തെ പ്രമുഖരായ രാഷ്ട്രനേതാക്കളും മറ്റും ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന തങ്ങളുടെ സമ്പാദ്യം രഹസ്യമായി സൂക്ഷിക്കാനും നികുതി വെട്ടിക്കാനും എങ്ങനെയാണ് ഈ വിദേശ നികുതിവെട്ടിപ്പ് പ്രദേശങ്ങള്‍ ഉപയോഗിച്ചത് എന്നാണ്. നാമമാത്രമായ ആസ്തിയോ നിക്ഷേപമോ ആയി തുടങ്ങുന്ന ഉടമസ്ഥതയും മറ്റ് വിവരങ്ങളും മറച്ചുവെച്ചുകൊണ്ട് പണം കൈമാറ്റത്തിനും വെട്ടിപ്പിനുമുള്ള ഒരു മറയായി ഉപയോഗിക്കാവുന്ന കടലാസ് കമ്പനികളാണ് (Shell company) ഇതിനായി ഉപയോഗിച്ചത്.
എന്താണീ മൊസാക് ഫൊനെസ്‌ക

വിദേശ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ലോകത്തെ നാലാമത്തെ വലിയ സ്ഥാപനമാണ് മൊസാക് ഫൊനെസ്‌ക. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ട്‌സ് പോലുള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ സഹായിക്കുക പോലുള്ള സേവനങ്ങളാണ് അവര്‍ നല്‍കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന കമ്പനികളുടെ നടത്തിപ്പ് ഒരു വര്‍ഷം അവര്‍ സൌജന്യമായി ചെയ്തുകൊടുക്കുന്നു. സമ്പത്ത് കൈകാര്യമാണ് മറ്റൊരു സേവനം. ഏതാണ്ട് 3,00,000 കമ്പനികള്‍ക്കായി അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2

പാനമയിലാണ് ഈ സ്ഥാപനമെങ്കിലും ഇതിന്റെ പ്രവര്‍ത്തനം ആഗോളതലത്തിലാണ്. അവരുടെ വെബ്‌സൈറ്റ് പ്രകാരം 42 രാജ്യങ്ങളിലായി 600 പേര്‍ ജോലി ചെയ്യുന്ന ഒരു ആഗോള ശൃംഖല അവര്‍ക്കുണ്ട്. അവരുടെ പേര് ഉപയോഗിച്ച് ഇത്തരം സേവനങ്ങള്‍ നടത്താവുന്ന സ്ഥാപനങ്ങളും ലോകത്ത് പല ഭാഗത്തുമുണ്ട്.

നികുതി വെട്ടിച്ചുള്ള പണം നിക്ഷേപിക്കാന്‍ കഴിയുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ്, സൈപ്രസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ട്‌സ്, ബ്രിട്ടീഷ് ആശ്രിത പ്രദേശങ്ങളായ ഗുവേണ്‍സെ, ജേര്‍സീ, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മൊസാക് ഫൊനെസ്‌ക മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.

പകുതിയിലധികം കമ്പനികളും ബ്രിട്ടീഷ് ഭരണമുള്ള നികുതി വെട്ടിപ്പ് പ്രദേശങ്ങളിലും യു കെയില്‍ തന്നെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നു

മൊസാക് ഫൊനെസ്‌കയുടെ ആഭ്യന്തര വിവരശേഖരത്തില്‍ നിന്നും 11.5 ദശലക്ഷം രേഖകളും 2.6 ടെറബൈറ്റ്‌സ് മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ ഇത് 2010ലെ യു.എസ് നയതന്ത്ര രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയതിനെയും 2013ല്‍ എഡ്വോര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തി നല്‍കിയ രഹസ്യ രേഖകളെയും നിസാരമാക്കാന്‍ പോന്നതാണ്. ലോകത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാല്‍ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ചെറുതല്ല.

കടലാസ് കമ്പനികള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ സഹായിക്കുന്നതെങ്ങനെ?

ഒരാളുടെ വ്യാപാര, സാമ്പത്തിക ഇടപാടുകളെ അധികൃതരില്‍ നിന്നും വ്യാപാര, വ്യക്തിപര എതിരാളികളില്‍ നിന്നും മറച്ചുവെക്കാവുന്ന രഹസ്യാത്മകത ഈ കമ്പനികള്‍ നല്കുന്നു. കടം തിരിച്ചുപിടിക്കാന്‍ നിങ്ങളുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ വരുന്ന വായ്പാദാതാക്കളില്‍ നിന്നും കാണപ്പെട്ട ജീവനാംശത്തിനായി നിങ്ങളെ കുത്തിച്ചോര്‍ത്താന്‍ ഒരുമ്പെടുന്ന പിരിഞ്ഞുപോയ ഭാര്യയില്‍ നിന്നുമൊക്കെ ഇങ്ങനെയുള്ള വ്യാപാര സ്ഥാപനത്തിന് കണ്ണുവെട്ടിച്ച് നിലനില്‍ക്കാനാകും. സര്‍ക്കാരിന് ഇതിനെക്കുറിച്ചറിയാനോ നികുതി ചുമത്താനോ കഴിയില്ല.

പ്രമുഖര്‍ ആരൊക്കെ?

നിലവിലും മുന്‍കാലത്തും രാഷ്ട്രനേതാക്കന്മാരായ 12 പേര്‍, 128 ഓളം രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ ഉദ്യോഗസ്ഥര്‍ എന്നിവരുടെ രഹസ്യ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നു. പുടിനും ഷരീഫിനും പുറമെ രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകളില്‍ മുന്‍ ഈജിപ്ത് പ്രസിഡണ്ട് ഹോസ്‌നി മുബാറക്, കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുവമ്മര്‍ ഗദ്ദാഫി, സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍അസദ് എന്നിവര്‍ ഉള്‍പ്പെടുന്നു. അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ പേരും ഇതിലുണ്ട്. രേഖകളില്‍ പേരുള്ള പ്രമുഖരായ ഇന്ത്യക്കാര്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ കെ പി സിങ്, അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ഷി, ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവരാണ്.

1

രാഷ്ട്രീയക്കാരന്‍ അനുരാഗ് കെജ്‌രിവാള്‍, വ്യവസായികളായ ഗൗതം, കരണ്‍ താപ്പര്‍, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, കപില്‍ സെയ്ന്‍ ജിയോള്‍, സ്വര്‍ണ വ്യാപാരി അശ്വിന്‍ കുമാര്‍ മെഹ്‌റ, മുന്‍ ക്രിക്കറ്റര്‍ അശോക് മല്‍ഹോത്ര, മരുന്ന് വ്യവസായി വിനോദ് രാമചന്ദ്ര ജാദവ്, ഐ.ടി കമ്പനി പ്രമുഖന്‍ ഗൗതം സീങ്കല്‍, കാര്‍ഷിക വ്യവസായി വിവേക് ജെയ്ന്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രഭാശ് ശങ്കഌ വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാല്‍ ബഹദൂര്‍, ഹരീഷ് മൊഹ്നാനി എന്നിവരും പട്ടികയിലുണ്ട്.

ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങാണ് രേഖകള്‍ പുറത്തുകൊണ്ടുവന്ന രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ് ലോട്ട് തുടങ്ങി 500 ഇന്ത്യക്കാരുടെ പട്ടികയാണ് ആദ്യ ദിവസം പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയ ലോക നേതാക്കളും നികുതിയില്‍നിന്ന് രക്ഷതേടി നേരിട്ടും കുടുംബാംഗങ്ങളുടെ പേരിലും വിദേശത്തെ രഹസ്യകേന്ദ്രങ്ങളില്‍ പണം നിക്ഷേപിച്ചവരാണ്.

200 ഓളം രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ നാലു പതിറ്റാണ്ടത്തെ രഹസ്യ നിക്ഷേപങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വഌദ്മിര്‍ പുടിന്റെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരില്‍ മാത്രം 200 കോടി ഡോളര്‍ രഹസ്യനിക്ഷേപമുള്ളതായാണ് കണക്ക്. പാനമയില്‍ തുടങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങള്‍ വഴി റഷ്യന്‍ ബാങ്കിലത്തെുന്നതാണ് പുടിന്റെ അനധികൃത സാമ്പത്തിക വിനിമയങ്ങള്‍. ഉറ്റസുഹൃത്ത് സെര്‍ജി റോള്‍ഡുഗിന്റെ പേരിലായിരുന്നു ഇവയിലേറെയും. അര്‍കാഡി, ബോറിസ് റോടെന്‍ബര്‍ഗ് എന്നീ സുഹൃത്തുക്കളും സംശയിക്കപ്പെടുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പേര് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിനകത്തും ബ്രിട്ടനിലുള്‍പ്പെടെ വിദേശത്തും വന്‍തോതില്‍ സമ്പാദ്യമുള്ള നവാസ് ശരീഫിന്റെ മക്കള്‍ നികുതി വെട്ടിക്കാന്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നാലു വ്യാജ കമ്പനികള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ലണ്ടന്‍ ഹൈഡ് പാര്‍ക്കിനഭിമുഖമായി ആറ് ആഡംബര ഭവനങ്ങള്‍ സ്വന്തമാക്കി അവയില്‍ നാലെണ്ണത്തിന് ഈ വ്യാജ കമ്പനികള്‍ വഴി ഫണ്ടൊഴുക്കിയതായാണ് ആരോപണം. നവാസ് ശരീഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോക്കെതിരെയും ആരോപണമുണ്ട്.

ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണിനെതിരെ ആരോപണമുയര്‍ന്നതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പിതാവ്, മുതിര്‍ന്ന ഭരണകക്ഷി എം.പിമാര്‍, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ഭാര്യാ സഹോദരന്‍, ചോകഌ് രാജാവ് എന്നു വിളിക്കപ്പെടുന്ന യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ, ചില അറബ് ഭരണ പ്രതിനിധികള്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചവരാണ്.

പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ഭരണരംഗത്തെ പ്രമുഖര്‍ നികുതിവെട്ടിക്കാന്‍ വിദേശത്ത് പണം നിക്ഷേപിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഇതേക്കുറിച്ച വാര്‍ത്തകള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും ചൈനയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളായ സിനാ വെയ്‌ബോ, വിചാറ്റ് എന്നിവയിലുള്‍പ്പെടെ ഇതുസംബന്ധിച്ചുവന്ന നിരവധി പോസ്റ്റുകള്‍ മണിക്കൂറുകള്‍ക്കകം മായ്ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് പ്രാമുഖ്യമുള്ളതിനാല്‍ പാനമ വെളിപ്പെടുത്തലുകള്‍ മറ്റിടങ്ങളില്‍ കാര്യമായി വെളിച്ചം കണ്ടിട്ടുമില്ല. ജിന്‍പിങ്ങിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഡെങ് ജിയഗുയിയാണ് പുറത്തുവന്ന പട്ടികയില്‍ ചൈനയില്‍നിന്നുള്ള പ്രധാനി. ഷി ജിന്‍പിങ് ഭരണത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ചുവടുവെച്ചുതുടങ്ങിയ 2009 ലാണ് ഡെങ് രണ്ടു കമ്പനികള്‍ വിദേശത്തെ ദ്വീപുകളില്‍ തുടങ്ങുന്നത്. 2012 ല്‍ പ്രസിഡന്റായി അധികാരമേറ്റതോടെ ഇവ നിശ്ചലമാവുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയിലെ ചില പ്രമുഖരും പട്ടികയില്‍ ഇടംപിടിച്ചതായി സൂചനയുണ്ട്.

പട്ടികയില്‍ ഉള്‍പെട്ട 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.

പനാമ രേഖകളുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നതെന്തുകൊണ്ട്?

അതാത് രാജ്യങ്ങളിലെ നിയമസംവിധാനങ്ങളെയെല്ലാം വെട്ടിച്ചു നികുതിവെട്ടിച്ച കള്ളപ്പണം വിദേശത്തു നിക്ഷേപിക്കുന്നതിന് ഇത്തരം സൗകര്യങ്ങള്‍ ധനികര്‍ ഉപയോഗിക്കുന്നതിന്റെ തെളിവാണിത്.

ലോകത്തെ പ്രമുഖരായ വ്യക്തികള്‍ ബാങ്കുകളുമായി കൂട്ടുചേര്‍ന്ന് ഇത്തരം രഹസ്യ കമ്പനികള്‍ സ്ഥാപിക്കുന്നതെങ്ങനെ എന്നും ഇത് വെളിവാക്കുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകന്മാരായി നേതാക്കന്മാരായ പലരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് വൈരുദ്ധ്യം.

മൊസാക് ഫൊനെസ്‌കയുടെ പ്രതിരോധം

പനാമ രേഖകളുടെ വെളിപ്പെടുത്തല്‍ ഒരു കുറ്റകൃത്യവും രാജ്യത്തിന് നേരെയുള്ള ആക്രമണവും ആണെന്ന് ഈ നിയമസ്ഥാപനം പറയുന്നു.

‘ഇത് പനാമക്ക് നേരെയുള്ള ആക്രമണമാണ്, കാരണം കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ഞങ്ങള്‍ കാണിക്കുന്ന മത്സരക്ഷമത ചില രാജ്യങ്ങള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല,’ സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളായ റമോന്‍ ഫൊനെസ്‌ക പറഞ്ഞു. ‘സ്വകാര്യത ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. എന്നാല്‍ ആധുനിക ലോകത്ത് അത് കൂടുതല്‍ കൂടുതലായി ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നു. രാജാവോ യാചകനോ ആകട്ടെ ഓരോ മനുഷ്യനും സ്വകാര്യതയ്ക്ക് അവകാശമുണ്ട്,’ ഫൊനെസ്‌ക പറഞ്ഞു.

പനാമയുടെ അടുത്ത നീക്കം എന്താകും?

പനാമ രേഖകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഏത് നിയമപരമായ അന്വേഷണവുമായും സഹകരിക്കുമെന്ന് പനാമ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘നിയമ, സാമ്പത്തിക മേഖലകളില്‍ സുതാര്യതക്കായുള്ള പൂര്‍ണ പ്രതിബദ്ധത’ കാണിക്കുന്ന സര്‍ക്കാര്‍ അതിനെതിരായ ഏത് നടപടിയോടും ‘ഒരു വിട്ടുവീഴ്ച്ചയും’ ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: