ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

 

സോള്‍: ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു. യുഎസിനെ ലക്ഷ്യമിട്ടാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കി. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന നാലാം പരീക്ഷണമാണിത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചാരമാക്കാന്‍ ഉത്തര കൊറിയക്ക് ഇപ്പോള്‍ കഴിയുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഉത്തരകൊറിയ റോഡോങ് സി എന്നറിയപ്പെടുന്ന റോഡ് മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത എന്‍ജിന്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് പരീക്ഷിച്ചതായി കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകരാജ്യങ്ങളുടെയും യുഎന്നിന്റെയും എതിര്‍പ്പുകളെയും ഭീഷണികളെയും മറികടന്നാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബുകള്‍പ്പെടെയുള്ളവ പരീക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് യുഎന്‍ കടന്നത്.

Share this news

Leave a Reply

%d bloggers like this: