ഒടുവില്‍ ബാലേന്ദ്രന്റെ കുടുംബത്തെ കണ്ടെത്തി ; ഡബ്ലിനില്‍ മരിച്ച ബാലേന്ദ്രന്‍ അനാഥനല്ല

ഡബ്ലിന്‍:ഡബ്ലിനില്‍ ഒരു മാസം മുമ്പ് മരണപ്പെട്ട മലയാളി ബാലേന്ദ്രന്‍ വേലായുധന്റെ കുടുംബാംഗങ്ങളെ കണ്ടെത്തി.തിരുവനന്തപുരത്തെ പ്രമുഖമായ കുടുംബത്തിലെ അംഗമാണ് പരേതന്‍.അഞ്ചു ഡോക്റ്റര്‍മാര്‍ അടങ്ങുന്ന കുടുംബത്തിലെ ഇളയ അംഗമാണ് ഇദ്ദേഹം.വര്‍ഷങ്ങളായി നാട്ടില്‍ നിന്നും വിട്ടു നില്ക്കുന്ന ബാലേന്ദ്രന്റെ ഒരു സഹോദരന്‍ മാത്രമേ നാട്ടിലുള്ളു അദ്ദേഹം അനന്തപുരി ആശുപത്രിയില്‍  ഡോക്ടറായി ജോലി ചെയ്യുന്നു . ബാലേന്ദ്രന്‍ ഉള്‍പ്പെടെ 5 സഹോദരന്മാരുള്ള കുടുംബത്തില്‍ 5 പേരും ഡോക്ടര്‍മാരാണ്. ഇവരില്‍ 4 പേര്‍ വിദേശത്താണ് , 8 വര്‍ഷങള്‍ക്ക് മുന്‍പ് മൂത്ത സഹോദരന്‍ അമേരിക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. അനന്തപുരി ആശുപത്രിയിലെ ഡോക്ടറായ ഡോ.മഹാദേവനില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഡോ.ബാലേന്ദ്രന്‍ വേലായുധന്‍ 25 വര്‍ഷമായി അയര്‍ലണ്ടിലാണ്.

ഇന്ത്യന്‍ എംബസി നടത്തിയ അന്വേഷണത്തില്‍ ബാലേന്ദ്രന്‍ തിരുവനന്തപുരം പേട്ട സ്വദേശിയെന്നു ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സുധീര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പരേതന്റെ സഹോദരന്‍ ഡോ.മാധവുമായി സംസാരിക്കാന്‍ കഴിഞ്ഞത്. തുടക്കം മുതല്‍ ബാലേന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്തുവാന്‍ സുധീര്‍ റോസ് മലയാളം വഴി ശ്രമം ആരംഭിച്ചിരുന്നു.ബാലേന്ദ്രന്റെ മറ്റു ബന്ധുക്കളുമായി കൂടിയാലോചിച്ച് സംസ്‌കാരവുമായി ബന്ധപെട്ട കാര്യങ്ങള്‍ അറിയക്കണമെന്ന് ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി സുധീര്‍ ശ്രീനിവാസന്‍ ഡോ.മാധവിനെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുമാണ് ഇദ്ദേഹം പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ളത്.ടി സി 30/ 1413 പേട്ട എന്ന പേട്ട പള്ളിയ്ക്ക് സമീപമുള്ള മേല്‍വിലാസമാണ് പാസ്‌പോര്‍ട്ടിനായി ഇദ്ദേഹം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ ഈ വീട്ടില്‍ ആരുമില്ല.ഇന്ന് രാവിലെ തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസറും സംഘവും ഈ അഡ്രസില്‍ എത്തി അന്വേഷണം നടത്തിയിരുന്നുവെന്ന് പേട്ട വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ അറിയിച്ചു.

മാര്‍ച്ച് 12 ന് മരണമടഞ ഡോ.ബാലേന്ദ്രനെക്കുറിച്ചുള്ള വിവരങള്‍ അയര്‍ലണ്ട് മലയാളികള്‍ റോസ് മലയാളം വഴി അറിയുന്നത് ഏപ്രില്‍ 1 നാണ്. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലെ എക്‌സിക്യുട്ടീവ് ആര്‍ക്കിടെക്റ്റായ സുധീര്‍ ശ്രീനിവാസ് വഴിയാണ് ഡബ്ലിനില്‍ മലയാളി എന്ന് സംശയിക്കുന്ന ആള്‍ കഴിഞ മാസം മരണമടഞെന്നും ഗാര്‍ഡ പരേതന്റെ ബന്ധുക്കളെ തേടുന്നു എന്ന വിവരം പുറം ലോകം അറിയുന്നത്. അന്ന് മുതല്‍ റോസ് മലയാളവും അയര്‍ലണ്ടിലെ വിവിധ സംഘടനകളും, സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ തങളാലാകും വിധം ബാലേന്ദ്രനെക്കുറിച്ചുള്ള വിവരങള്‍ക്കായി ശ്രമം ആരംഭിച്ചു.

ഏപ്രില്‍ 1 ന് പുറത്ത് വന്ന വാര്‍ത്ത സത്യം ആണോ എന്നറിയാന്‍ നിരവധി ഇന്ത്യക്കാര്‍ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നതായി ഗാര്‍ഡ ഓഫീസര്‍ പിന്നീട് റോസ് മലയാളത്തോട് പറയുകയുണ്ടായി. ഈ വിവരം പുറം ലോകത്തെ അറിയിച്ച സുധീറും പിന്നീട് റോസ് മലയാളം വാര്‍ത്തയെ പിന്തുടര്‍ന്ന് ബാലേന്ദ്രന്‍ മലയാളി ആണെന്ന് തിരിച്ചറിഞ വായനക്കാരന്‍ നിഷാധും ഏറെ പ്രശംസ അര്‍ഹിക്കുന്നു. അവര്‍ ഈ സംഭവം അറിഞില്ലെന്ന് നടിച്ചിരുന്നാല്‍ ഡോ.ബാലേന്ദ്രന്റെ മൃതദേഹം അജ്ഞാത മൃതദേഹമായി മറവ് ചെയ്യപ്പെട്ടേക്കാമായിരുന്നു.

 

Share this news

Leave a Reply

%d bloggers like this: