പനാമ പേപ്പേഴ്‌സ്: അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്കു നോട്ടീസ്

പനാമ പേപ്പേഴ്‌സ്: അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്കു നോട്ടീസ് ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പട്ടികയുമായി രാജ്യത്തെ അമ്പരപ്പിച്ച പനാമ രേഖകളുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ്. ആദായനികുതി വകുപ്പാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ പനാമ ലിസ്റ്റിലുള്ള 200 പേര്‍ക്കു നോട്ടീസ് അയച്ചത്. വിദേശത്തെ കള്ളപ്പണവുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങള്‍ സഹിതമാണു നോട്ടീസ്. രണ്ടു ചോദ്യാവലികളാണു നല്‍കിയിരിക്കുന്നത്. ഇതിന് 20 ദിവസത്തിനകം മറുപടി നല്കാനാവശ്യപ്പെട്ടാണു നോട്ടീസ് അയച്ചിരിക്കുന്നത്. ഐശ്വര്യ റായിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണു സൂചനകള്‍. രാജ്യത്തെ പ്രമുഖര്‍ നികുതി വെട്ടിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വിദേശത്ത് വെളുപ്പിച്ചെടുത്തതിന്റെ രേഖകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തായത്. പട്ടികയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും പേരുകളാണുള്ളത്. വിദേശത്തു വിവിധ ഫൗണ്ടേഷനുകളും ട്രസ്റ്റുകളും കമ്പനികളും ഉണ്ടാക്കിയാണു തട്ടിപ്പ്. പനാമയിലെ നിയമ-നിക്ഷേപ ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സേകയുടെ ചോര്‍ന്ന രേഖകളിലൂടെയാണു വെട്ടിപ്പ് പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണു പുറത്തെത്തിയിരിക്കുന്നത്. 1977 മുതല്‍ 2015 ഡിസംബര്‍ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്. 70 രാജ്യങ്ങളില്‍ നിന്നുള്ള 350 പത്രപ്രവര്‍ത്തകര്‍ രേഖകള്‍ പരിശോധന നടത്തിയിരുന്നു. -എംആര്‍-

Share this news

Leave a Reply

%d bloggers like this: