തെരഞ്ഞെടുപ്പ് വിജ്ഞാപനവും നാമനിര്‍ദേശപത്രികാ സമര്‍പ്പണവും ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിപ്പിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും ഇന്നാരംഭിക്കും. ഗവണര്‍ണര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വിജ്ഞാപനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പുനഃപ്രസിദ്ധീകരിക്കും. ഇതിന് പിന്നാലെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നുവരെ പത്രിക നല്‍കാം. 29 ആണു പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന 30 നു നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 16നാണ് വോട്ടെടുപ്പ്. 19ന് വോട്ടെണ്ണും.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ചവരെ 10,39,954 അപേക്ഷകള്‍ ലഭിച്ചു. തിരുവനന്തപുരത്ത് നിന്നായിരുന്നു കൂടുതല്‍ അപേക്ഷകള്‍ 1,24,169. കുറവ് വയനാട്ടില്‍ നിന്നും 23,206. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച മണ്ഡലം താനൂരാണ്, 15,452. കുറവ് ആലത്തൂരിലായിരുന്നു 3,675.

സ്പീക്കര്‍ എന്‍. ശക്തനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി. മുരളീധരനും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനും ഇന്ന് പത്രിക നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 29 നു പത്രിക നല്‍കും. മുന്നണികള്‍ മുന്‍നിര നേതാക്കളുടെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. 25 നു ശേഷം ദേശീയ നേതാക്കളും പ്രചാരണത്തിനായി വന്നുതുടങ്ങും.

Share this news

Leave a Reply

%d bloggers like this: