പ്രതിഫലത്തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചുപോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടി ഭാമ

മൂവാറ്റുപുഴ: പ്രതിഫലത്തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചുപോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടി ഭാമ രംഗത്ത്. ശ്രീജിത്ത് രാജാമണി എന്ന വ്യക്തിയാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും രണ്ടര ലക്ഷം പ്രതിഫലം തരാമെന്ന് സമ്മതിച്ചാണ് പരിപാടി ഉറപ്പിച്ചതെന്നും ഭാമ പറയുന്നു. ഇക്കാര്യത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് ഭാമ വെളിപ്പെടുത്തുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭാമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യൂണിക് മോഡല്‍സ് ആന്റ് സെലിബ്രിറ്റി മാനേജ്മെന്റിന്റെ മാനേജിങ് ഡയറക്ടര്‍ എന്നുപരിചയപ്പെടുത്തിയാണ് ശ്രീജിത്ത് രാജാമണി എന്നെ വിളിച്ചത്. കടയുടെ ഉദ്ഘാടനത്തിന് രണ്ടര ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു കരാര്‍. ഇതില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായും ബാക്കിത്തുക ഉദ്ഘാടന ചടങ്ങിന് മുന്‍പ് കാശായി തരാമെന്നും കാരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്വാന്‍സായി എന്റെ അക്കൗണ്ടിലേക്ക് 15,000 രൂപ മാത്രമാണ് വന്നത്. പക്ഷെ എന്റെ പ്രൊഫഷന്‍ എന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിനെത്തുമ്പോള്‍ ബാക്കിത്തുത തരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്നാല്‍ അവിടെചെന്നതിന് ശേഷം സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. അവിടെ ശ്രീജിത്ത് രാജാമണി എന്നൊരാള്‍ ഉണ്ടായിരുന്നില്ല. ഫോണിലൂടെ അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എന്റെ പ്രതിഫലത്തിനായി ശ്രീജിത്ത് നിന്ന് 50,000 രൂപ വാങ്ങിയതായി സംഘാടകര്‍ പറഞ്ഞു. ഞാന്‍ പ്രതിഫലമായി ഒരു ലക്ഷം രൂപയേ ആവശ്യപ്പെട്ടുള്ളൂ എന്ന് സംഘാടകരെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു എന്നും എനിക്ക് അവടെവെച്ച് മനസിലായി. ഇത് തികച്ചും വഞ്ചനാപരമായ നടപടിയാണ്. ഞാന്‍ ചതിക്കപ്പെട്ടു എന്നത് എന്നെ ശരിക്കും വിഷമിപ്പിച്ചു. ഞാനും സംഘാടകരം ചതിക്കപ്പെട്ടു എന്ന മനസിലായതോടെ ഞാന്‍ ഏറ്റകാര്യം പൂര്‍ത്തീകരിച്ച ശേഷമാണ് അവിടെനിന്നും പോന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ എനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഈ അവസരത്തില്‍ എന്റെ ആരാധകരോട് ഞാന്‍ ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: