മൈക്രോ ഫിനാന്‍സ് തട്ടിപ്പ്,വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ശ്രമിക്കുന്നവെന്ന് വിഎസ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പു നടത്തിയ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ബദ്ധകങ്കണരായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിന്റെ തെളിവാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ രണ്ടുപ്രാവശ്യമായി സമയം നീട്ടി കിട്ടണമെന്ന് സര്‍ക്കാര്‍ആവശ്യപ്പെട്ടതിന്റെ കാരണമെന്നും വിഎസ് പറഞ്ഞു.

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും 15 കോടി രൂപ തട്ടിപ്പു നടത്തിയതിനെതിരെ 2015 ഡിസംബറിലാണ് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ വിചാരണ സമയത്ത് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് കോടികളുടെ അഴിമതി ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്നാണ്. വിജിലന്‍സ് കോടതി ഉടന്‍ തന്നെ പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐ.ആര്‍ ഇട്ട് അന്വേഷിക്കണമെന്നാണ് ഉത്തരവാണ്‍യത്. എന്നാല്‍ സര്‍ക്കാര്‍, കോടതിയില്‍ രണ്ടുപ്രാവശ്യമായി സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍.

ഇത് വെള്ളാപ്പള്ളിയെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും, വിജിലന്‍സ് വകുപ്പിന്റെ തലവനായ രമേശ് ചെന്നിത്തലയുടെയും സമ്മര്‍ദ്ദംമൂലമാണ്. ബിജെപി, ബി.ഡി.ജെ.എസ് സഖ്യത്തെ പരോക്ഷമായി സഹായിക്കുന്നതിനു വേണ്ടിയാണ് വിജിലന്‍സ് വകുപ്പിനെക്കൊണ്ട് ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്.

മഹത്തായ എസ്എന്‍ഡിപി യോഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പട്ടിണിപ്പാവങ്ങളായ ഈഴവ സഹോദരിമാരെ കബളിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും താന്‍ പിന്നോട്ടില്ലെന്നും വിഎസ് പറഞ്ഞു. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയവരോട് തനിക്ക് സഹതാപമുണ്ട്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തട്ടിപ്പുകാരായ ഇടനിലക്കാരെ മാറ്റിനിര്‍ത്തി എസ്എന്‍ഡിപിയുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന സ്വയംസഹായ സമിതികള്‍ക്ക് നേരിട്ട് വായ്പ നല്‍കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും, ബാങ്കും നിശ്ചയിക്കുന്ന അതേ നിരക്കിലുള്ള പലിശയായിരിക്കും ഈടാക്കുക. പാവപ്പെട്ടവരെ തട്ടിച്ച് സമ്പന്നരായവരെ സഹായിക്കുന്നതിനുവേണ്ടി ബി.ജെ.പിയുമായി ഒത്തുചേരാന്‍ പോലും ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും യാതൊരു ഉളുപ്പുമില്ല. അവര്‍ നാലുവോട്ടിനുവേണ്ടി ആരുമായും കൈകോര്‍ക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്നതെന്നും വി.എസ്. പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: