കൊച്ചിയില്‍ പത്തുവയസ്സുകാരനെ അയല്‍വാസി കുത്തിക്കൊന്നു; കുത്തിയത് 17 തവണ

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബാലനെ ആക്രമിച്ച മനോരോഗിയെ നാട്ടുകാര്‍ പിടികൂടി സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയുടെ അയല്‍വാസിയായ അജി ദേവസ്യ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
റോഡരുകില്‍ നിന്ന മാനസിക രോഗി കുട്ടിയെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടുത്തേക്ക് വിളിച്ചശേഷമായിരുന്നു ആക്രമണം. അക്രമി കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നയാളാണെന്ന് നാട്ടുകാരും പോലീസും പറയുന്നു. പുലര്‍ച്ചെ ആയതിനാല്‍ ആക്രമണം നടന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. വൈകാതെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കഴുത്തിനു ചുറ്റും വളരെ ആഴത്തിലുള്ള പതിനേഴിലേറെ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു ശേഷം സ്വഭാവികമായാണ് പ്രതി പെറുമാറിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച അക്രമിയെ മുന്‍പ് പോലീസ് തന്നെ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ഇയാള്‍ മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാരെയും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് ഇടപെട്ട് ആശുപത്രിയില്‍ ആക്കിയ പ്രതി ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്.
അരുംകൊലയുടെ വാര്‍ത്തയറിഞ്ഞ് ഒരു നാടുമുഴുവന്‍ പുല്ലേപ്പടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റി കുത്തേറ്റുവീണ റോഡില്‍ ഇപ്പോഴും രക്തം തളംകെട്ടിക്കിടക്കുകയാണ്. കുത്താനുപയോഗിച്ച കത്തിയും സ്ഥലത്തുകിടപ്പുണ്ട്. വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളും റോഡില്‍ ചിതറിക്കിടപ്പുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ക്രിസ്റ്റി മടങ്ങിയത് ആ സ്വപ്നം ബാക്കിയാക്കി:
പുല്ലേപ്പടിയില്‍ അയല്‍വാസിയുടെ കുത്തേറ്റു പിടഞ്ഞുവീണ ക്രിസ്റ്റിയുടെ ജീവന്‍ വേര്‍പിരിഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി. അടുത്ത ശനിയാഴ്ച നടക്കാനിരുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കത്തിലായിരുന്നു ക്രിസ്റ്റി. ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും ആശംസകളുമായി വീട്ടിലെത്തുന്ന ആ ദിവസം ഏതൊരു കൊച്ചുകുട്ടിയെ പോലെ ക്രിസ്റ്റിയും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: