കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. എല്ലാ ജില്ലകളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ഇതിനായി 13 കോടി രൂപ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്‌ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സൂര്യാഘാതമേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കും. വരള്‍ച്ച, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കാന്‍ എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന് പ്രഖ്യാപിക്കുന്നതിന് നിലവിലുള്ള മാനദണ്ഡത്തില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രിക്കും, കൃഷി മന്ത്രിക്കും കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ്, കൊല്ലം, പാലക്കാട് ജില്ലകളിലാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. കാസര്‍കോട് ഉപ്പ് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആര്‍ഓ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വികരിക്കും. കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കാന്‍ ആറ് ജില്ലകളില്‍ നിന്നുള്ള ജിയോളജിസ്റ്റുകള്‍ വെള്ളിയാഴ്ച കാസര്‍ഗോഡ് എത്തും. കൊല്ലം, ചവറ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി തെന്‍മല ഡാമില്‍ നിന്നും വെള്ളമെത്തിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള കനാലുകള്‍ തുറന്ന് വിടുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കും. മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം കുടിവെള്ള വിതരണത്തിന് മാത്രമായി വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.

കന്നുകാലികളുടെ സംരക്ഷണത്തിനായി മരുന്നുകള്‍ വാങ്ങുന്നതിന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിത ബാധിത അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. യോഗത്തില്‍ ആഭ്യന്തരമന്ത്രി, റവന്യു സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: