ജിഷയുടെ കൊലപാതകം:അയല്‍വാസിയടക്കം രണ്ടുപേര്‍ കസ്റ്റഡിയില്‍;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേജരിവാള്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ദളിത് ജിഷമോളുടെ കൊലപാതകത്തില്‍ അയല്‍വാസിയായ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാളെ മുഖം മറച്ചാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചത്. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ മറ്റൊരു യുവാവിനെയും കാര്യങ്ങള്‍ അറിയാനായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു.

ഇതോടെ പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം രണ്ടായി. ഈ കസ്റ്റഡിയില്‍ ഉള്ള രണ്ടിലൊരാള്‍ നേരത്തെ ജിഷയെ ഡാന്‍സ് പഠിപ്പിച്ച വ്യക്തിയാണെന്ന സൂചനകളുണ്ട്. മറ്റൊരാള്‍ ജിഷ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകനാണ്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കാര്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മാത്രമാണ് ഡിഐജി അറിയിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്ത് എത്തി. ഇത്തരം വാര്‍ത്തകള്‍ അതീവ ദുഃഖത്തിലാഴ്ത്തുന്നുവെന്നും, ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുമിച്ച് പോരാടണമെന്നും കെജരിവാള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: