ജിഷ വധം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ദീപ പിതാവ് പാപ്പുവിനൊപ്പം താമസിച്ചിരുന്ന സമയത്ത് നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ

അന്വേഷണ സംഘം തയ്യാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപയുടെ കോള്‍ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി, ജിഷയ്ക്കും വീട്ടുകാര്‍ക്കും പരിചിതനായതിനാല്‍ വീട്ടില്‍ കയറ്റിയിരുത്തിയതാകാമെന്ന് പോലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ അമ്മയ്ക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും ദീപ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

ദീപ ആരെയോ ഭയക്കുന്നതായി സംശയമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടിയും സൂചിപ്പിച്ചിട്ടുണ്ട്. ദീപയുടെ മൊഴി ഉച്ചയ്ക്ക് ശേഷം വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഫോറന്‍സിക് വിഭാഗം മുന്‍ തലവന്‍ ഡോ.ബി ഉമാദത്തനുമായി കൂടിക്കാഴ്ച നടത്തി. ഉമാദത്തന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളങ്ങളും തമ്മില്‍ സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളില്‍ രക്തക്കറയും കണ്ടെത്താനായിട്ടില്ല. പ്രതി ഉപയോഗിച്ചത് ഈ ആയുധങ്ങളല്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.

ജിഷയുടെ വീട്ടില്‍ നിന്ന് തെളിവായി എടുത്തിരുന്ന വസ്തുക്കള്‍, കോടതിയില്‍ സമര്‍പ്പിച്ചിരുന്നത് പോലീസ് കഴിഞ്ഞ ദിവസം തിരികെ വാങ്ങിയിരുന്നു. പ്രതി ഉപയോഗിച്ചതെന്നു കരുതുന്ന ചെരിപ്പ്, കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ എന്നിവയാണ് തിരിച്ചുവാങ്ങി പരിശോധന നടത്തിയത്.

ഇതിനകം 200-ഓളം പേരെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികളെ ഏല്പിക്കുന്നത് സര്‍ക്കാറിനും പോലീസിനും നാണക്കേടാവുമെന്ന ധാരണയില്‍, എങ്ങനെ
യും കേസ് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള 15 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. മുന്‍കാലങ്ങളില്‍ അന്വേഷണത്തില്‍ മികവു തെളിയിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീമില്‍ 3 ഡിവൈഎസ്പിമാരുണ്ട്. ഇവര്‍ 3 ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം.

Share this news

Leave a Reply

%d bloggers like this: