പെരുമ്പാവൂരില്‍ വനിതാസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വനിതകള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ഏറെ നേരമായി സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് കുരുന്നുകള്‍ അടക്കം നിരവധി പേരാണ് പെരുമ്പാവൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ശക്തമായി തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: