ഇടതിന് 100 സീറ്റിലേറെ ലഭിക്കുമെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നൂറ്റഞ്ചു മുതല്‍ നൂറ്റിപ്പതിനഞ്ചു വരെ സീറ്റുകളില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര ഐബി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. മന്ത്രിമാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു എന്നാണു കേരളത്തിലെ ജനവികാരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി നാരാദ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. വോട്ട് വര്‍ധിപ്പിക്കുമെങ്കിലും ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റു പോലും കിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വന്‍ ഭൂരിപക്ഷത്തിലായിരിക്കും മിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ജയം. മന്ത്രിമാര്‍ ഭൂരിഭാഗവും പരാജയപ്പെടും. തിരുവനന്തപുരത്ത് മന്ത്രി വി എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടാം. കൊല്ലം ചവറയില്‍ മന്ത്രി ഷിബു ബേബി ജോണും കടപുഴകും. ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് കടുത്ത മത്സരമാണു നേരിടേണ്ടിവരുന്നത്. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബു പരാജയപ്പെടുമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കിയില്‍ യുഡിഎഫിന് കനത്ത പരാജയമായിരിക്കും ഉണ്ടാവുക. മലപ്പുറത്ത് മുസ്ലിം ലീഗിനും കനത്ത തിരിച്ചടിയുണ്ടാകും. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടും. വയനാട്ടിലെ മലയോര ക്രൈസ്തവ കര്‍ഷകരുടെ പിന്തുണ എല്‍ഡിഎഫിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരിക്കൂരില്‍ മന്ത്രി കെ സി ജോസഫ് പരാജയപ്പെടും. ബിഡിജെഎസിനെ സഖ്യ കക്ഷിയാക്കിയതിന്റെ പേരില്‍ എന്‍ഡിഎയില്‍ ഭിന്നതയുണ്ടെന്നും അതു സ്വന്തം സ്ഥാനാര്‍ഥികള്‍ക്കു തിരിച്ചടിയാകും. മുസ്ലീം-പിന്നോക്ക വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ എല്‍ഡിഎഫിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Share this news

Leave a Reply

%d bloggers like this: