ഐറിഷുകാരെ പ്രകീര്‍ത്തിച്ച് ലണ്ടനിലെ ആദ്യ മുസ്ലീം മേയര്‍; ബ്രിട്ടന്‍ യൂറോപ്പില്‍ തുടരുന്നതിന് പ്രചാരണം നടത്തുമെന്നും ഖാന്‍

ഡബ്ലിന്‍: ഐറിഷുകാരെ പ്രകീര്‍ത്തിച്ച് ലണ്ടനിലെ ആദ്യ മുസ്ലീം മേയര്‍ സാദിഖ് ഖാന്‍. മേയറായി തെരഞ്ഞെടുക്കുന്നതിന് ഒരാഴ്ച മുമ്പ് ലണ്ടനിലെ ഐറിഷ് സമൂഹത്തെ അഭിസംബോധന ചെയ്യവെയൊണ് സാദിഖ് ഖാന്‍ ഐറിഷുകാരെ പ്രകീര്‍ത്തിച്ചത്. ലണ്ടന്‍ ഇത്ര മികച്ചതാവാന്‍ സഹായിച്ചത് ഐറിഷുകാരാണ് എന്നായിരുന്നു സാദിഖ് ഖാന്‍ പറഞ്ഞത്. ”ലണ്ടനില്‍ ജനിച്ച് വളര്‍ന്ന എനിക്കറിയാം ലണ്ടന്റെ വളര്‍ച്ചയില്‍ ഐറിഷുകാരുടെ പങ്ക് എന്താണെന്ന്”,ലേബര്‍ പാര്‍ട്ടി അംഗമായ സാദിഖ് ഖാന്‍ പറഞ്ഞു. ഐറിഷ് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാക് ഗോള്‍ഡ്സ്മിത്തിനെ 14 ശതമാനം പോയിന്റിനാണ് സാദിഖ് ഖാന്‍ പരാജയപ്പെടുത്തിയത്. ”ലണ്ടനിലെ സ്‌കൂളുകളില്‍ അധ്യാപകരായും, ആശുപത്രികളില്‍ ഡോക്ടര്‍മാരായും നഴ്സുമാരായും, ബിസിനസുകള്‍ നടത്തിയും ഐറിഷുകാര്‍ നഗരത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിനെ ഒട്ടും വില കുറച്ച് കാണാന്‍ കഴിയില്ല”, ഖാന്‍ കൂട്ടിച്ചേര്‍ത്തു.

”മറ്റ് ഐറിഷുകാരെ പോലെ തന്നെ എന്റെ മാതാപിതാക്കളും മികച്ച ജീവിതം ലക്ഷ്യമിട്ടാണ് ലണ്ടനിലെത്തിയത്. എന്റെ പിതാവ് ഒരു ബസ് ഡ്രൈവര്‍ ആയിരുന്നു. എന്റെ മാതാവ് കൂടുതല്‍ പണം സമ്പാദിക്കാന്‍ തുണി തയ്ക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് സമ്പാദ്യമില്ല, എന്നാല്‍ സ്വരുകൂട്ടിവച്ചത് ചേര്‍ത്ത് ഒരു വീട് വാങ്ങാന്‍ കഴിഞ്ഞു.”, ഖാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ തുടരുന്നതിനായി പ്രചാരണം നടത്തുമെന്നും ഖാന്‍ പറഞ്ഞിരുന്നതായി ഐറിഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡബ്ലിനുമായും ബെല്‍ഫാസ്റ്റുമായും ശക്തമായ ഒരു ബന്ധം ലണ്ടന്‍ സ്ഥാപിക്കുന്നതിനും ഇതുവഴി ഐറിഷ് സമൂഹത്തിന് നേട്ടമുണ്ടാക്കുന്നതിനും സഹായിക്കുമെന്നും ഖാന്‍ വ്യക്തമാക്കിയിരുന്നതായും ഐറിഷ് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: