കോട്ടയം ഇത്തവണയും യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പതിവ് തെറ്റിച്ചില്ല

കോട്ടയം: വന്‍ തിരിച്ചടി നേരിട്ടെങ്കിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോട്ടയം പതിവ് തെറ്റിച്ചില്ല. മത്സരിച്ച മൂന്ന് മന്ത്രിമാര്‍ക്കും കോട്ടയം മികച്ച ഭൂരിപക്ഷത്തില്‍ വിജയം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെഎംമാണി എന്നിവരായിരുന്നു കോട്ടയത്തെ വിവിധ മണ്ഡലത്തില്‍ മത്സരിച്ചത്. ഉമ്മന്‍ചാണ്ടിയേയും തിരുവഞ്ചൂരിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജില്ല കെഎംമാണിയെ ഒന്നു വിറപ്പിക്കുകയും ചെയ്തു.

പുതുപ്പള്ളിയില്‍ ആറാമങ്കത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടിക്ക് 27,092 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയപ്പോള്‍ ജെയ്ക്കിനെ ഇറക്കി തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം പൊലിഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ 23,000 ല്‍ പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. വികസനത്തിന് ഒരു വോട്ടെന്ന തിരുവഞ്ചൂരിന്റെ പ്രചരണം നന്നായി കോട്ടയത്ത് ഗുണം ചെയ്യുകയും ചെയ്തു. തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും അനായാസ വിജയം നേടിയപ്പോള്‍ കെഎം മാണി വിയര്‍ത്തായിരുന്നു ജയിച്ചത്.
ബാര്‍കോഴ വിവാദത്തിന്റെ നിഴലില്‍ നിന്നും വിജയം രക്ഷിച്ച മാണിക്ക് തുടക്കം മുതല്‍ ഒപ്പം നിന്ന മാണിസി കാപ്പന്റെ ശക്തമായ എതിര്‍പ്പുകള്‍ അതിജീവിക്കേണ്ടി വന്നു. അവസാന ഘട്ടത്തിലാണ് കൃത്യമായ ലീഡുമായി 4703 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത്. അതേസമയം ഞെട്ടിക്കുന്ന വിജയം നേടിയത് പിസി ജോര്‍ജ്ജാണ്. സീറ്റ് നിഷേധിച്ച എല്‍ഡിഎഫിനും യുഡിഎഫിനും ഇത് തന്റെ മണ്ഡലമാണെന്ന കൃത്യമായ സൂചന നല്‍കി പടുകൂറ്റന്‍ ഭുരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ 27,821 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പിസി ഉമ്മന്‍ചാണ്ടിക്കും വിഎസ് അച്യൂതാനന്ദനും കിട്ടിയതിനേക്കാള്‍ കുടുതല്‍ ഭൂരിപക്ഷം കിട്ടു.
ആറാം തവണ മത്സരിച്ച ചങ്ങനാശ്ശേരിയിലെ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി എഫ് തോമസിനും നേരിയ വിജയം നേടാനേ കഴിഞ്ഞുള്ളൂ. 1849 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിഎഫ് തോമസിന് കിട്ടിയത്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് 3890 വോട്ടിന്റെ ഭൂരിപക്ഷത്തിനും കടുത്തുരുത്തിയില്‍ അഡ്വ. മോന്‍സ് ജോസഫ് 23,235 വോട്ടുകളുടെ ഭൂരിപക്ഷത്തിനും ജയം നേടിയപ്പോള്‍. ഏറ്റുമാനൂരില്‍ സുരേഷ്‌കുറുപ്പിലൂടെയും വൈക്കത്ത് സികെ ആശയിലൂടെയും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

Share this news

Leave a Reply

%d bloggers like this: