ഉയര്‍ന്ന ഭൂരിപക്ഷം പി.ജെ.ജോസഫിന്

കൊച്ചി: പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടി പി.ജെ.ജോസഫ് താരമായി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മത്സരിച്ച ജോസഫ് 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 22868 ആയിരുന്ന ഭൂരിപക്ഷമാണ് ജോസഫ് ഇത്തവണ ഇരട്ടിയാക്കിയത്.

യുഡിഎഫ് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടപ്പോള്‍ 76564 വോട്ടാണ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായ സിറ്റിങ് എംഎല്‍എ പി.ജെ.ജോസഫ് സ്വന്തമാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ റോയ് വാരിക്കോട്ടിന് 30977 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരെയാണ്. എന്നാല്‍ ഒരു മെഷിനിലെ വോട്ട് എണ്ണാന്‍ സാധിക്കാത്തത് കാരണം വടക്കാഞ്ചേരി മണ്ഡലത്തിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ കമ്മീഷന്റെ തീരുമാനത്തിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം. നിലവില്‍ മൂന്ന് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച് നില്‍ക്കുകയാണ് അനില്‍. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. വടക്കാഞ്ചേരിയില്‍ മാത്രമാണ് തൃശൂര്‍ ജില്ലയില്‍ ഇടതിന് വിജയിക്കാനാകാതിരുന്നത്.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് രണ്ടാമത്തെ കുറവ് ഭൂരിപക്ഷം. ഇവിടെ മത്സരിച്ച മുസ്‌ലീം ലീഗിന്റെ സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഷ്ടിച്ച് വിജയിച്ച് കയറിയത്. ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കടുത്ത മത്സരം നടത്തിയെന്നതിന് തെളിവാണ് മഞ്ചേശ്വരത്തെ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 5828 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി.ബി.അബ്ദുള്‍ റസാഖിന്റെ വിജയം. അന്ന് കെ.സുരേന്ദ്രന് 43989 വോട്ടാണ് നേടാനായതെങ്കില്‍ ഇത്തവണ 56781 വോട്ടുകള്‍ സുരേന്ദ്രന്‍ സ്വന്തമാക്കി.
ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം മട്ടന്നൂരില്‍ നിന്ന് വിജയിച്ച സിപിഎം നേതാവ് ഇ.പി.ജയരാജനാണ്.43381 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയരാജന് ലഭിച്ചത്. കല്ല്യാശേരിയില്‍ മത്സരിച്ച ടി.വി.രാജേഷ് 42891, സി.കൃഷ്ണന്‍ പയ്യന്നൂര്‍40263, അയിഷ പോറ്റി കൊട്ടാരക്കര42632, ജെയിംസ് മാത്യു40617, മോന്‍സ് ജോസഫ്42256 എന്നിവര്‍ക്കാണ് ഭൂരിപക്ഷം നാല്‍പ്പതിനായിരം കടത്താനായത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് യുഡിഎഫിലെ മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥി പി. ഉബൈദുല്ലയാണ്. മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഉബൈദുല്ലയ്ക്ക് 44508 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പിറവം മണ്ഡലത്തില്‍ നിന്ന് വിജയിച്ച ടി.എം.ജേക്കബിനായിരുന്നു അന്ന് ഏറ്റവും മങ്ങിയ വിജയം ലഭിച്ചത്. 157 വോട്ടുകള്‍ക്കാണ് ടി.എം.ജേക്കബ് വിജയിച്ചത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: