അനന്തപുരി ചെങ്കടലായി;സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു കാണാന്‍ പതിനായിരങ്ങള്‍ തലസ്ഥാനനഗരിയേക്ക് എത്തിക്കഴിഞ്ഞു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയതോടെ സെക്രട്ടേറിയറ്റ് പരിസരം ചെങ്കടലായി. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാവിലെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. 12 മണിയോടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് കടക്കാനായി പ്രവര്‍ത്തകരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. ചാറ്റല്‍ മഴയെ അവഗണിച്ച് നീണ്ട സമയം ക്യൂനിന്നാണ് സ്ത്രീകളും കുട്ടികളുമെല്ലാം ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍ സ്റ്റേഡിയത്തിലേക്ക്പ്രവേശിച്ചത്.

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന തിരഞ്ഞെടുപ്പ് വാചകം പ്രവര്‍ത്തകരുടെ ചുവന്ന കുടകളിലും തൊപ്പികളിലും ബാനറുകളിലും നിറഞ്ഞുനിന്നു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയുള്ള മുദ്രാവാക്യം വിളികളാല്‍ സ്റ്റേഡിയം പരിസരം മുഖരിതമായി. നേതാക്കള്‍ സ്റ്റേഡിയത്തിലേക്കെത്തിത്തുടങ്ങിയതോടെ ഇന്‍ക്വിലാബ് വിളികളുയര്‍ന്നു.

സത്യപ്രതിജ്ഞ കാണാനായി സ്റ്റേഡിയത്തിനകത്തും പുറത്തും നാലിടങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 30000 പേര്‍ക്കുള്ള സൗകര്യമാണ് പന്തലില്‍ ഒരുക്കിയിരുന്നതെങ്കിലും അതിലേറെ ജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് വലിയ ഒരുക്കങ്ങളാണ് പൊതുഭരണവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയത്. സുരക്ഷയ്ക്കായി ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് നിയോഗിച്ചത്. എംബിഎസ് യൂത്ത് ക്വയറിന്റെ സംഗീത പരിപാടി മൂന്ന് മണിക്ക് ആരംഭിച്ചു. 3.35ന് പരിപാടി അവസാനിച്ചപ്പോള്‍ വിശിഷ്ടാതിഥികള്‍ വേദിയിലേക്കെത്തി.

സിപിഎം കേന്ദ്ര നേതാക്കളായ സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. സിനിമാ താരങ്ങളായ മമ്മൂട്ടി, ദിലീപ്, നവ്യാ നായര്‍, ആഷിക് അബു, റിമാകല്ലിങ്ങല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ ഗവ.സെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറിമാര്‍, സമുദായ നേതാക്കള്‍ എന്നിവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയായതിനാല്‍ ഉച്ചയ്ക്കുശേഷം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചിരുന്നു.

പുതിയ മന്ത്രിസഭയെ സ്വീകരിക്കാന്‍ സെക്രട്ടേറിയറ്റിലും ഒരുക്കങ്ങള്‍ തകൃതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, മുഖ്യമന്ത്രി പിണറായിയുടെ ബോര്‍ഡ് സ്ഥാപിച്ചു. വ്യവസായവകുപ്പ് മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍വശത്തെ മുറിയിലായിരിക്കാനാണ് സാധ്യത. ധനവകുപ്പും ഈ കെട്ടിടത്തിലായിരിക്കും. മറ്റുള്ള മന്ത്രിമാരുടെ ഓഫീസുകളെല്ലാം തയ്യാറാണ്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ ഇതിന്റെ ലിസ്റ്റ് പുറത്തിറക്കും.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭയിലെ അംഗങ്ങള്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവനില്‍ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കും. ഇതിനുശേഷം അഞ്ചു മണിക്കാണ് ആദ്യമന്ത്രിസഭായോഗം. സുപ്രധാന തീരുമാനങ്ങള്‍ ആദ്യ യോഗത്തില്‍ തന്നെ ഉണ്ടായേക്കും.

Share this news

Leave a Reply

%d bloggers like this: