ജര്‍മ്മനിയില്‍ മലയാളി യുവതി ജാനറ്റ് കൊല്ലപ്പെട്ടത് പണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ; കൊന്നത് കഴുത്തു ഞെരിച്ച്

അങ്കമാലി: ജര്‍മനിയില്‍ വെച്ച് മലയാളി യുവതി ജാനറ്റിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ ആഴത്തില്‍ കുത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ജാനറ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം അവരറിയാതെ ഭര്‍ത്താവ് പണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കലാശിച്ചത്. ജാനറ്റ് അറിയാതെ റെനെ പലപ്പോഴും പണം പിന്‍വലിച്ചിരുന്നു. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്‌വേഡ് റെനെയ്ക്ക് അറിയാമായിരുന്നു.

അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആരെങ്കിലും ഹാക്ക് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞ് റെനെ തന്ത്രപരമായി ഒഴിഞ്ഞു. പിന്നീട് ജാനറ്റ് ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മൂമ്മ നല്‍കിയ വീട്ടിലാണ് റെനെ താമസിച്ചിരുന്നത്. സഹോദരിക്ക് അവകാശമായി നിശ്ചിത തുക നല്‍കണമെന്നും അമ്മൂമ്മ റെനെയോട്് ആവശ്യപ്പെട്ടിരുന്നു. സഹോദരിക്ക് മൂന്ന് ഗഡുക്കളായി പണം കൊടുക്കാമെന്നാണ് റെനെ പറഞ്ഞിരുന്നത്. ഇതില്‍ രണ്ട് ഘട്ടമായി തുക നല്‍കി. ബാക്കി തുക നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ജാനറ്റ് അറിയാതെ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചത്. ഇതാണ് ജാനെറ്റിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

ജാനറ്റിനെ കൊലപ്പെടുത്തിയ ശേഷം ശരീരം ബേസ്‌മെന്റില്‍ ഒളിപ്പിച്ച് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയാണ് ജാനറ്റിന്റെ മൃതശരീരം വീടിനു പിന്നിലുള്ള പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയത്. ജാനറ്റ് കൊല്ലപ്പെട്ട ദിവസം വന്നു പോയ ശേഷം വീണ്ടും ജാനറ്റിന്റെ വീട്ടിലേക്ക് മാതാപിതാക്കള്‍ എത്തിയെങ്കിലും ഈ സമയം ജാനറ്റിനെ വീട്ടില്‍ കണ്ടില്ല. ജാനറ്റ് എവിടെ എന്ന് മാതാപിതാക്കള്‍ തിരക്കിയപ്പോള്‍ അവള്‍ വഴക്കിട്ട് പിണങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ പോയി എന്നാണ് റെനെ മറുപടി നല്‍കിയത്. പിന്നീട് ജാനറ്റിന്റെ മാതാപിതാക്കള്‍ക്ക് ഒരു തരത്തിലും സംശയം ഉണ്ടാകാതിരിക്കാന്‍ റെനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏപ്രില്‍ 14 മുതല്‍ മെയ് ഒന്‍പത് വരെ സ്ഥിരമായി ജാനറ്റിന്റെ മാതാപിതാക്കളെ റെനെ സന്ദര്‍ശിച്ചിരുന്നു. ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ ഏല്‍പിക്കുകയും ചെയ്തു.

ജാനറ്റ് കൂട്ടുകാരിയുടെ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജാനറ്റിന്റെ ഫോണില്‍ നിന്ന് പിതാവ് സെബാസ്റ്റ്യന് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. റെനെ തന്നെയാണ് ജാനറ്റിന്റെ ഫോണില്‍ നിന്ന് സന്ദേശം അയച്ചു കൊണ്ടിരുന്നത്. കൈക്കുഞ്ഞിനെയും കൊണ്ട് ജാനറ്റിന്റെ പിതാവിനോടൊപ്പമാണ് ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി റെന പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ജാനറ്റ് കൊല്ലപ്പെട്ട് ഇരുപത് ദിവസത്തിനു ശേഷം മെയ് മൂന്നിനാണ് റെനെ പൊലീസില്‍ പരാതി നല്‍കുന്നത്. ജാനറ്റിനെ കാണാനില്ല എന്ന പരസ്യവും ഇയാള്‍ ജര്‍മന്‍ പത്രങ്ങളില്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അങ്കമാലി കിഴക്കേടത്ത് വീട്ടില്‍ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഏപ്രില്‍ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയത്. എന്നാല്‍ മെയ് 20 നാണ് സംഭവം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മകള്‍ ആലീസിന് എട്ടുമാസം പ്രായമേ ഉള്ളൂ. കുട്ടിയുടെ സംരക്ഷണം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജാനറ്റിന്റെ സംസ്‌കാരം 30 ന് ഡ്യൂയിസ് ബുര്‍ഗില്‍ നടക്കും. രാവിലെ 9.30 ന് സെന്റ് പീറ്റര്‍ ദേവാലയത്തില്‍ ദിവ്യബലിയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 11 നാണ് സംസ്‌കാരം. ജര്‍മന്‍ രീതിയില്‍ ഇവന്റ് മാനേജ്‌മെന്റ് വിഭാഗമാണ് ശവസംസ്‌കാരം ഏറ്റെടുത്ത് നടത്തുന്നത്. ശവസംസ്‌കാരം നടത്തുന്ന ഇവന്റ് കമ്പനിക്കാണ് സര്‍ക്കാര്‍ മൃതദേഹം കൈമാറിയിരിക്കുന്നത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: