രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും

തിരുവനന്തപുരം: ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഉപനേതാവായി കെ.സി.ജോസഫിനെ തെരഞ്ഞെടുക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി.

രാവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം അധ്യക്ഷന്‍ വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്ന് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് നേതാക്കള്‍ മുന്‍കൈയെടുത്ത് ധാരണയിലെത്തിയത്.

ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരുമായും നേതാക്കള്‍ ഇക്കാര്യത്തില്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയിരുന്നു. ഇവരുടെ കൂടെ പിന്തുണയോടെയാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ കെപിസിസി തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: