മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദേശ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടയില്‍ പമ്പയാറ്റില്‍ നിന്നു പുരുഷന്റെ ഇടതു കൈ കണ്ടെടുത്തു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു ഉഴപ്പില്‍ ജോയ് വി. ജോണിനെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ച ശേഷം പമ്പായാറ്റില്‍ ഒഴുക്കിയെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് മൃതദേഹത്തിനായി പമ്പയാറ്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.

കൊലപാതകം എപ്പോഴാണ് നടത്തിയതെന്നും എവിടെവെച്ചാണു നടത്തിയതെന്നും മൃതദേഹം എവിടെയാണെന്നും കൃത്യമായ വിവരം ഷെറിന്‍ ഇതുവരെ നല്‍കിയിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്. പമ്പയാറ്റില്‍ ഇടക്കടവു ഭാഗത്തു നിന്നാണ് തോള്‍ ഭാഗം മുതലുള്ള കൈഭാഗം കണ്ടെടുത്തത്. ജോയ് വി ജോണിന്റെ മൃതദേഹത്തിന്റെ അവശിഷ്ടമാണെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, കേസന്വേഷണത്തിന്റെ മേല്‍നോട്ടം െ്രെകം ബ്രാഞ്ച് എസ്പിമാര്‍ക്കു കൈമാറി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പിമാരായ എന്‍. രാമചന്ദ്രന്‍, പി.എഫ്. ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് ചുമതല. അന്വേഷണം ലോക്കല്‍ പൊലീസ് തന്നെയാണ്.

പമ്പയാറിലെ ആറന്‍മുള ആറാട്ടുപുഴ പാലത്തിന് കീഴെ രാവിലെ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇവിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇട്ടതെന്ന് മകന്‍ ഷെറിന്‍ ജോണ്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിട്ടുണ്ട്.

ഇതിനിടെ ഷെറിന്റെ അമ്മ മറിയാമ്മയെയും സഹോദരന്‍ ഡോ. ഷെറിലിനെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ഷെറിന്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാല്‍ വലിയ അഗ്‌നിബാധ ഉണ്ടാകും. അതിനാല്‍ 20 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കാറിന്റെ എസി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയ ഷെറിനും പിതാവ് ജോയി വി.ജോണും തിരിച്ചുവരുമ്പോള്‍ തര്‍ക്കം ഉണ്ടാകുകയും മല്‍പിടുത്തം നടത്തുകയും ചെയ്തു. ഇതിനിടെ തനിക്ക് നേരെ പിതാവ് ചൂണ്ടിയ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. ജോയി വി.ജോണിന്റെ നെറ്റിയില്‍ വെടിയേറ്റെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ നിന്നു ഏതാനും ദിവസം മുന്‍പാണ് ജോയി നാട്ടിലെത്തിയത്. ഇരുവരെയും ഒരുമിച്ചാണ് കാണാതായ വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തിയിരുന്നു.

നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ടാണു പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇരുവരെയും കാണാതായതിനു പിറ്റേന്നു രാവിലെ മകന്‍ അമ്മയെ വിളിച്ച് ‘അച്ഛനുമായി വഴക്കിട്ടു, അബദ്ധം പറ്റി, ക്ഷമിക്കണം’ എന്നു പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

25നു പുലര്‍ച്ചെ തിരുവനന്തപുരത്തേക്കു തിരിച്ച ഇരുവരുമായും മറിയാമ്മ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇവര്‍ അന്നു തിരികെ വീട്ടിലെത്തിയിരുന്നില്ല. പിറ്റേന്നു രാവിലെയാണു മകന്‍ ഫോണില്‍ സംസാരിച്ചത്. ഇതിനു പിന്നാലെ മറിയാമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ചാരനിറത്തിലുള്ള കെ.എല്‍ 2ടി 5550 സ്‌കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്ക്കു 12.30ന് ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട് 4.30നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിന്‍ മാതാവിനെ ഫോണില്‍ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തില്‍ പറഞ്ഞത്. ഡിവൈ.എസ്പി: കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്‌നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതല്‍ നെടുമുടി വരെയുള്ള രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.

അതിനിടെ,അമേരിക്കന്‍ മലയാളികളായ ജോയി ജോണിന്റെയും മകന്റെയും തിരോധാനവും മകന്‍ പിതാവിനെ കൊലപ്പെടുത്തി ഒളിവില്‍ പോയെന്ന അഭ്യൂഹവും നഗരത്തെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു. ഒടുവില്‍ രാത്രി വൈകി ഷെറിന്‍ അറസ്റ്റിലായതോടെയാണു ദുരൂഹത നീങ്ങിയത്. കാണാതായ ജോയി ജോണിന് ചെങ്ങന്നൂരിലുള്ള ബഹുനില മന്ദിരത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഡോഗ് സ്‌ക്വാഡും എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ജോയി ജോണിനു വേണ്ടി പമ്പാ നദിയിലും തെരച്ചില്‍ നടത്തി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കാര്‍ പാര്‍ക്കിങ് ഏരിയയും ഗോഡൗണുമാണുള്ളത്. റോഡിന് അഭിമുഖമായുള്ള ഭാഗത്തു ഷട്ടറിട്ടാല്‍ ഉള്ളില്‍ എന്തു നടന്നാലും പുറത്തറിയില്ല. ജോയി ജോണിനു സ്‌കോഡ, ഹ്യുണ്ടായി കാറുകളുള്ളതില്‍ ഹ്യുണ്ടായി മാത്രമാണ് പൊലീസ് എത്തുമ്പോള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 19നാണ് ജോയി ജോണും ഭാര്യ മറിയാമ്മയും ഇളയ മകന്‍ ഡോ. ഡേവിഡും അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയത്. ജോയിയും ഷെറിനും ഗോഡൗണില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്തുപോകുക പതിവായിരുന്നു.

2010 ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണു ചെങ്ങന്നൂരില്‍ നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. അതിനു ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കാണാതായ ശേഷം ഷെറിന്‍ മാതാവിനെ ഫോണില്‍ വിളിച്ച് പിതാവുമായി വഴക്കുണ്ടാക്കിയെന്നും അബദ്ധം പറ്റിയെന്നും പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഐടി വിദഗ്ധനായ ഷെറിന്‍ വിവാഹശേഷം അമേരിക്കയിലേക്കു തിരിച്ചുപോയില്ല. അവിടെ എന്തോ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിനു ശേഷമാണു നാട്ടിലേക്കു വന്നതെന്നും പറയപ്പെടുന്നു. പരാതി ലഭിച്ചതിനു ശേഷവും ഷെറിന്‍ ചെങ്ങന്നൂരിലും തിരുവല്ലയിലും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: