വി.എസിന്റെ പദവി: പിബിയില്‍ ധാരണയായില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്തുപദവി നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായില്ല. വി.എസിന് പദവി നല്‍കണമെന്ന കാര്യത്തില്‍ പിബിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. ഉചിതമായൊരു പദവി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു ആവശ്യം. എന്നാല്‍ വി.എസിന്റെ പദവി സര്‍ക്കാരില്‍ രണ്ടു അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കരുതെന്നും പിബിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. പദവി എന്തെന്ന തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂ.

സര്‍ക്കാരിന്റെ ഉപദേശകന്‍, കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് അധ്യക്ഷ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയവ വിഎസിന് നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിഎസ് പാര്‍ട്ടി സെക്രട്ടറി സീതാറം യച്ചൂരിക്ക് നല്‍കിയ കുറിപ്പു സംബന്ധിച്ച് വിവാദവും നിലനില്‍ക്കുന്നുണ്ട്.

പദവിയെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായില്ല. പദവി വിഷയത്തില്‍ അടുത്ത മാസം 17 മുതല്‍ 20 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമേ ഇനി അന്തിമ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

Share this news

Leave a Reply

%d bloggers like this: