ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാരെന്ന് കോടതി

അഹമ്മദാബാദ്: 2002ല്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെ കൂട്ടക്കൊല ചെയ്ത ഗുല്‍ബര്‍ഗ് കേസില്‍ 24 പേര്‍ കുറ്റക്കാരെന്നു ഗുജറാത്തിലെ പ്രത്യേക കോടതി. ബിജെപി നേതാവ് ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പേരെ വെറുതേവിട്ടു. കേസിലെ പ്രതികള്‍ക്കെതിരേയുള്ള ഗുഢാലോചനകുറ്റം കോടതി റദ്ദാക്കി. വിഎച്ച്പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 66 പേരാണു കേസിലുള്‍പ്പെട്ടിരുന്നത്. ഇവരില്‍ ആറു പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു. 11 പേര്‍ക്കെതിരേ കൊലപാതകക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി ഈ മാസം ആറിന് പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കും.

ഗുല്‍ബര്‍ഗ് സൊസൈറ്റി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. എര്‍ദ, കോണ്‍ഗ്രസ് നേതാവ് മേഘ്‌സിംഗ് ചൗധരി എന്നിവരും വെറുതേ വിടപ്പെട്ടവരില്‍ പെടുന്നു. പ്രതികളാരും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന നിരീക്ഷണമാണു കോടതി നടത്തിയത്. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി റദ്ദാക്കി.

ഗുല്‍ബര്‍ഗ് കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. മേയ് 31നുമുമ്പു വിധി പ്രസ്താവിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഗുജറാത്തിലെ വര്‍ഗീയലഹളയുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റര്‍ ചെയ്ത മുന്നൂറോളം കേസുകളില്‍ ഒന്നു മാത്രമാണിത്. ടീസ്റ്റ സെതല്‍വാദ് നേതൃത്വം നല്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് എന്ന സംഘടനാണു കേസില്‍ നീതി വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ 570 പേരെ സാക്ഷികളായി കോടതിയില്‍ എത്തിക്കാന്‍ സംഘടനയ്ക്കു കഴിഞ്ഞു.

കൂട്ടക്കൊല നടക്കുമ്പോള്‍ അസര്‍വയിലെ കോര്‍പറേഷന്‍ അംഗമായിരുന്നു ബിപിന്‍ പട്ടേല്‍. കഴിഞ്ഞവര്‍ഷം ഇതേ സീറ്റില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലപ്പട്ട എഹ്‌സാന്‍ ജാഫ്രി വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണു ജനക്കൂട്ടം ജാഫ്രിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല.

വിധി നിരാശപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി പറഞ്ഞു. പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷയാണു നല്‌കേണ്ടത്. 36 പേരെ വെറുതേവിട്ടതു ശരിയായില്ല. കൊലപാതകികള്‍ കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നു. എന്റെ കണ്‍മുമ്പില്‍വച്ചാണു പലരും കൊലചെയ്യപ്പെട്ടത്. ഉറ്റവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ഞങ്ങള്‍ അനുഭവിച്ചു, ഇനിയുള്ള കാലം പ്രതികള്‍ അതനുഭവിക്കട്ടെ: സാകിയ പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ഉന്നത നീതിപീഠത്തെ സമീപിക്കുമെന്ന് എഹ്‌സാന്‍ ജാഫ്രിയുടെ മകന്‍ തന്‍വീന്‍ പറഞ്ഞു.

വിധിയില്‍ നിരാശനാണെന്ന് പ്രത്യേക അന്വേഷണസംഘത്തലവനും സിബിഐ മുന്‍ ഡയറക്ടറുമായ ആര്‍.കെ. രാഘവന്‍ പറഞ്ഞു. 36 പേരെ വെറുതേവിട്ട നടപടിയില്‍ അതൃപ്തിയുണ്ടെന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

2002 ഫെബ്രുവരി 27നു ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനില്‍ 58 കര്‍സേവകര്‍ വെന്തുമരിച്ച സംഭവത്തിന്റെ തുടര്‍ച്ചയായാണു പിറ്റേ ദിവസം ഗുജറാത്തില്‍ വര്‍ഗീയ കലാപമുണ്ടായത്. 20 ബംഗ്ലാവുകളും പത്ത് അപ്പാര്‍ട്ട്‌മെന്റുകളുമുള്ള, അഞ്ഞൂറോളം പേര്‍ അധിവസിക്കുന്ന മേഖലയാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി. നാനൂറോളം പേരാണ് ഇവിടെ അക്രമം അഴിച്ചുവിട്ടത്. ഏറ്റവും വലിയ വര്‍ഗീയ കലാപം നടന്നത് അഹമ്മദാബാദിലെ നരോദ പാട്യയിലാണ്. 126 പേരാണ് ഇവിടെ കൂട്ടക്കൊല ചെയ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കൂട്ടക്കുരുതിക്കേസിലെ വിധി മോദിയുടെമേല്‍ പതിച്ച കറുത്ത പാടാണെന്ന് ഡല്‍ഹി ഹൈക്കോ ടതി മുന്‍ ചീഫ് ജസ്റ്റീസ് രാജിന്ദര്‍ സച്ചാര്‍ അഭിപ്രായപ്പെട്ടു. തകര്‍ക്കപ്പെട്ടതുമൂലം കിടപ്പാടം നഷ്ടപ്പെട്ട 300 മുസ്‌ലിം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തടയുന്ന ചില വിഭാഗങ്ങളുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 14 വര്‍ഷത്തിനുശേഷം നീതി ലഭിച്ചെന്നു കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: