ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും ഈ മാസം അയര്‍ലന്‍ഡിലെത്തും

ഡബ്ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഈ മാസം അയര്‍ലന്‍ഡിലെത്തും. ക്ലെയര്‍ കൗണ്ടിയിലെ ഡൂണ്‍ബെഗിലുള്ള തന്റെ ഗോള്‍ഫ് റിസോര്‍ട്ട് സന്ദര്‍ശിക്കാനാണ് അദ്ദേഹമെത്തുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ ഗോള്‍ഫ് കോഴ്‌സുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് അയര്‍ലന്‍ഡിലെത്തുക. ശതകോടീശ്വരനും വ്യവസായിയുമായ ട്രംപ് ട്വിറ്ററിലാണ് തന്റെ യാത്രയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 22 നായിരിക്കും അദ്ദേഹം സ്‌കോട്ട്‌ലാന്‍ഡിലേക്ക് യാത്ര തിരിക്കുക.

ടേണ്‍ബെറിയിലെയും അബെര്‍ഡീനിലെയും റിസോര്‍ട്ടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് അയര്‍ലന്‍ഡിലെത്തുക. ജൂണ്‍ 25 ന് ട്രംപ് അമേരിക്കയ്ക്ക് തിരിച്ചുപോകും. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ഇതേ ദിവസങ്ങളില്‍ അയര്‍ലന്‍ഡിലെത്തുന്നുണ്ട്. ജൂണ്‍ 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് ജോ ബൈഡന്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുക. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ്ബ്രിട്ടന്റെ തീരുമാനത്തിന്‍ മേലുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധനയും നടക്കുന്നത് ജൂണ്‍ 23 നാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രചാരണമാരംഭിച്ചതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. ജൂലൈയില്‍ ഒഹിയോയിലെ ക്ലീവ് ലാന്‍ഡില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി നോമിനിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വംശീയ വിദ്വേഷം നിറഞ്ഞതും അപകടകരവുമാണെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡ കെനി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപിന്റെ വക്താവ് തയാറായില്ല. ട്രംപിന് പ്രത്യേക ആതിഥേയത്വം ഒരുക്കേണ്ടതില്ലെന്ന് ഫിയാന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. സാമൂഹ്യ സുരക്ഷ മന്ത്രി ലിയോ വരേദ്കറും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: