സന്തോഷ് മാധവന്‍ ഭൂമിദാനക്കേസ്: അടൂര്‍ പ്രകാശും കുഞ്ഞാലിക്കുട്ടിയും പ്രതികളാകും

മൂവാറ്റുപുഴ: പുത്തന്‍വേലിക്കരയിലെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമി നികത്തി ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയിലാണു വിധി.

കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. മുന്‍ മന്ത്രിമാരെക്കൂടാതെ വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, ജയ്ശങ്കര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്. കേസില്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് കോടതി തള്ളി. എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിജിലന്‍സിന് പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ മൊഴിയും ആദ്യ റിപ്പോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലും വൈരുദ്ധ്യമുണ്ട്. ഇതു ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഹര്‍ജിക്കാരന്റേത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ കേട്ട് കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടന്ന് കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കോടതി ജഡ്ജി മാധവന്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് മന്ത്രിമാര്‍ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഐടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തരവ് വിവാദമായതോടെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നെല്‍പാടം നികത്താനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: