ബാല ലൈംഗിക പീഡന കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ച ബിഷപ്പുമാരെ പുറത്താക്കാനുള്ള നടപടികള്‍ക്ക് പോപ്പിന്റെ അംഗീകാരം

വത്തിക്കാന്‍: ബാല ലൈംഗിക പീഡന കേസുകള്‍ അട്ടിമറിക്കാന്‍ ബിഷപ്പുമാര്‍ ശ്രമിച്ചതായി വത്തിക്കാന് ബോധ്യപ്പെട്ടാല്‍ അവരെ പുറത്താക്കാന്‍ നടപിട സ്വീകരിക്കാമെന്ന് മാര്‍പ്പാപ്പ. ഇതിനായി പുതിയ നിയമവും രൂപീകരിച്ചു. ബാല ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതാണ് നിയമം.

ഇരകളുടെയും അഭിഭാഷകരുടെയും ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. പീഡനങ്ങള്‍ മറച്ചുവെക്കാന്‍ പുരോഹിതര്‍ ശ്രമിക്കുന്നവെന്നും കുറ്റക്കാരെ ഒരു പാരിഷില്‍ നിന്ന് മറ്റു പാരിഷിലേക്ക് മാറ്റി പോലീസിനെ അറിയിക്കാതെ രക്ഷപെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇരകള്‍ ആരോപിച്ചിരുന്നു. തക്കതായ കാരണങ്ങളുണ്ടെങ്കില്‍ ബിഷപ്പുമാരെ പുറത്താക്കാമെന്ന് തിരുസഭയുടെ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് നിയമത്തില്‍ പോപ്പ് പറയുന്നു.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ പുറത്താക്കുന്നതിന് തടസമില്ലെന്നും പോപ്പ് വ്യക്തമാക്കുന്നു. ഇരകളെ സംരക്ഷിക്കുകയാണ് പുരോഹിതരുടെ ധര്‍മ്മം. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഇതോടെ റദ്ദായിരിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: