ഡൊണാള്‍ഡ് ട്രംപിന്റെ അയര്‍ലന്‍ഡ് സന്ദര്‍ശന വേളയില്‍ പ്രതിഷേധിക്കാനൊരുങ്ങി സംഘടനകള്‍

ഡബ്ലിന്‍: ഈ മാസം അവസാനം അയര്‍ലണ്ടില്‍ എത്തുന്ന അമേരിക്ക റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍. ട്രംപിന് സ്വാഗതമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ജൂണ്‍ അവസാനം ക്ലെയറിലെ ഡൂണ്‍ബെഗിലുള്ള റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതിനാണ് ട്രംപ് എത്തുന്നത്.

എഎഎ-പിബിപി, ഗ്രീന്‍ പാര്‍ട്ടി എന്നീ സംഘടനകളാണ് പ്രതിഷേധ പരമ്പരക്ക് ഒരുങ്ങുന്നത്. കൂടാതെ സ്ത്രീപക്ഷ, യുദ്ധവിരുദ്ധ, വംശീയ വിരുദ്ധ സംഘടനകളും പ്രതിഷേധത്തില്‍ അണിചേരുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഘടനകള്‍ നടത്തിയ യോഗത്തിലാണ് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനമായത്. ജൂണ്‍ 23 വൈകിട്ട് ആറു മണിക്ക് ഒ’കോണല്‍തെരുവില്‍ നടക്കുന്ന ട്രംപിന്റെ അയര്‍ലണ്ടിലെ അവസാന പരിപാടിയിലാണ് പ്രതിഷേധം നടക്കുക. ട്രംപിന്റെ പരിപാടികളുടെ സമയക്രമം അനുസരിച്ചായിരിക്കും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുക.
ഡബ്ലിനിലും ക്ലെയറിലും പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രതിഷേധത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളില്‍ ഐറിഷ് ജനതയ്ക്കുള്ള അതൃപ്തി അറിയിക്കുകയാണ് പ്രതിഷേധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് ഏമണ്‍ റയാന്‍ പറഞ്ഞു. റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും സന്ദര്‍ശിക്കുന്നതിനായി മാത്രമല്ല ട്രംപ് വരുന്നത്. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണയഭ്യര്‍ഥിക്കാന്‍ കൂടി വേണ്ടിയാണെന്നും റയാന്‍ അഭിപ്രായപ്പെട്ടു. മുസ്ലിം മതവിഭാഗങ്ങളോടും ഹിസ്പാനിക് സമൂഹത്തോടും സ്ത്രീകളോടുമുള്ള ട്രംപിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ട്രംപിന്റെ രാഷ്ട്രീയം ഇവിടെ സ്വീകാര്യമല്ലെന്ന സന്ദേശമാണ് പ്രതിഷേധം നല്‍കുന്നതെന്നും റയാന്‍ പറഞ്ഞു. അമേരിക്കയിലേക്ക് മുസ്ലിംങ്ങള്‍ വരുന്നത് തടയണമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും ഇടയില്‍ മതില്‍ നിര്‍മ്മിക്കണമെന്നും ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: