മന്ത്രിയുടെ രഹസ്യ സിഡി പുറത്തുവിടുമെന്ന് രാജിവെച്ച വനിത ഐപിഎസുകാരി

ബംഗലുരു: നിരന്തരമുള്ള സ്ഥലംമാറ്റങ്ങളെത്തുടര്‍ന്ന രാജിവച്ച ശേഷം മന്ത്രിയോട് രാജിവയ്ക്കാനും ഇല്ലെങ്കില്‍ രഹസ്യങ്ങളുടെ സിഡി പുറത്തുവിടുമെന്നും ഫേസ്ബുക്കില്‍ കുറിച്ച വനിതാ ഐപിഎസ് ഓഫീസര്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നു. തൊഴില്‍ മന്ത്രി പി ടി പരമേശ്വര നായിക്കിന്റെ പാതിരാ രഹസ്യങ്ങളുള്ള സിഡി പുറത്തുവിടുമെന്നും താന്‍ രാജിവച്ചതുപോലെ മന്ത്രിയും രാജിവയ്ക്കുന്നതാണ് നല്ലതെന്നുമാണ് വനിതാ ഐപിഎസ് ഓഫീസര്‍ അനുപമ ഷേണായ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

മദ്യമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് മികച്ച വനിതാ പൊലീസ് ഓഫീസറെന്ന നിലയില്‍ ജനപ്രീതി പിടിച്ചുപറ്റിയ അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് ജനസംസാരം. ആറുമാസത്തിനിടെ രണ്ടുതവണ ട്രാന്‍സ്ഫര്‍ ചെയ്തതോടെ കാരണമൊന്നും പറയാതെ അനുപമ രാജി സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഇവരെപ്പറ്റി വിവരമൊന്നുമില്ല. എന്നാല്‍ ഫേസ്ബുക്കില്‍ അപ്‌ഡേഷന്‍സ് വരുന്നുമുണ്ട്. മന്ത്രിയുടെ രഹസ്യങ്ങള്‍ പുറത്താക്കുമെന്ന പോസ്റ്റിട്ടതോടെ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല.

ബെല്ലാരി മേഖലയിലെ കുട്‌ലിഗിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു അനുപമ. ഇവരുടെ അന്വേഷണങ്ങളില്‍ നിരന്തരം മന്ത്രി ഇടപെടുമായിരുന്നെന്നും എന്നാല്‍ മന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്ത അവരെ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നുവത്രെ. തന്റെ ഫോണ്‍കോളുകളോട് വേണ്ടരീതിയില്‍ പ്രതികരിക്കാത്തതിനാണ് അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മന്ത്രി പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു അനുപമയുടെ രാജി. അതിനുശേഷം രാഷ്ട്രീയക്കാരനെ നായയോട് ഉപമിച്ചും പരമേശ്വരയ്‌ക്കെതിരെ ഒളിഞ്ഞുംതെളിഞ്ഞും അനുപമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.

എന്നാല്‍ അവരെ കണ്ടെത്തി അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് 2010 കര്‍ണാടകാ കേഡര്‍ ഓഫീസറായ അനുപമയെ ആദ്യം ജനുവരി 18ന് ബെല്ലാരിയില്‍ നിന്നും വിജയപുര ഇന്‍ഡി ഡിവിഷനിലേക്ക് സ്ഥലം മാറ്റി. ഇതിനു പിന്നാലെ ഫെബ്രുവരിയില്‍ തന്നെ ഇവരെ കുദ്‌ലിഗിയിലേക്ക് മാറ്റിയതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ആഴ്ച അംബേദ്ക്കര്‍ ഭവനുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ വിടാന്‍ നായ്ക്ക് ഇടപെട്ടതായും ആരോപണമുയര്‍ന്നു. ഇതിനുപിന്നാലെയായിരുന്നു അനുപമയുടെ രാജി. ഇതിനിടെ അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിനുപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നതും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അനുപമ ഷേണായ് ഫാന്‍സ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് നിറയെ ഈ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ സത്യസന്ധതയ്ക്കുള്ള അഭിനന്ദനങ്ങളും അവര്‍ തിരിച്ചുവരണമെന്ന ആഹ്വാനവുമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: