അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗത്തിനിരയായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗത്തിനിരയായെന്ന പ്രചരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി.ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. എട്ടംഗ അന്വേഷണ സംഘം അമൃതാ ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു.

യുവതി മാനഭംഗത്തിരയായെന്ന് പറയപ്പെടുന്ന മേയ് 31 മുതലുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ വിവരങ്ങളും 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. യുവതിയെ പ്രവേശിപ്പിച്ചു എന്നു പറയപ്പെടുന്ന ഐസിയുവിലും സംഘം പരിശോധന നടത്തി. ആശുപത്രി ഐസിയുവില്‍ ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ആശുപത്രിയിലെ നഴ്‌സുമാരുടെ മൊഴികള്‍ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചു. ബാക്കിയുള്ള ജീവനക്കാരുടെ മൊഴികള്‍ ഈ ദിവസങ്ങളില്‍ ശേഖരിക്കും.

എന്നാല്‍, പ്രചരണം സംബന്ധിച്ച് യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലായെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി.ബാബുകുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങളുമായി മുന്നോട്ടുപോകുമെന്നും കൂടതല്‍ പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെ.കെ.രമ ഡിജിപിക്ക് നല്‍കിയ പരാതിയുടെയും സമൂഹമാധ്യമത്തിലും മറ്റും നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത അധികൃതര്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം. അതേസമയം സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തികരമായ പ്രചരണം നടത്തിയതിനെതിരെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.

Share this news

Leave a Reply

%d bloggers like this: