ഡല്‍ഹി: ആപ്പിന്റെ 21 എംഎല്‍എമാര്‍ അയോഗ്യരാകും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ 21 ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാകും. ഇരട്ട പദവി വഹിച്ചതിനാലാണ് അയോഗ്യത. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടി രാഷ്ട്രപതി റദ്ദാക്കി. ഇതോടെയാണ് ഇരട്ട പദവി വിവാദത്തില്‍പ്പെട്ട 21 എംഎല്‍എമാരും അയോഗ്യരാകാനുള്ള സാധ്യത തെളിഞ്ഞത്.

ആംആദ്മിയുടെ പ്രമുഖ നേതാക്കളായ ആദര്‍ശ് ശാസ്ത്രി, ജര്‍ണയില്‍ സിങ്, ചരണ്‍ ഗോയല്‍ തുടങ്ങിയവര്‍ അയോഗ്യരാകും. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടി. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം.എല്‍.എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തിന് ആരും മറുപടി നല്‍കിയിട്ടില്ല. മേയ് 10 നകം മറുപടി നല്‍കാനായിരുന്നു നിര്‍ദേശം. അവസാന ദിനം കഴിഞ്ഞും ആരും മറുപടി നല്‍കാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാഷ്ട്രപതി പാര്‍ലമെന്റി പാര്‍ട്ടി പദവി റദ്ദാക്കി ഉത്തരവിറക്കിയത്.

അയോഗ്യരാക്കപ്പെടുന്നത് തടയാന്‍ ഇരട്ടപ്പദവി നിയമത്തില്‍നിന്ന് പാര്‍ലമെന്ററി സെക്രട്ടറിമാരെ ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ ബില്‍ പാസാക്കിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി ലെഫ്. ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞു നില്‍ക്കുന്ന ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് ബില്‍ തിരിച്ചയക്കാനാണ് സാധ്യത. ഇവരുടെ സ്ഥാനം നഷ്ടപ്പെട്ടാലും ആംആദ്മി സര്‍ക്കാരിന്റെ നിലനില്‍പിന് ഭീഷണിയില്ല. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളാണ് ആപ്പിനുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: