കാസര്‍കോട് കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

കാസര്‍കോട്: തീരദേശ പാതയില്‍ ബേക്കല്‍ പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. കാസര്‍കോട് ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീര്‍(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സക്കീനയുടെ മകന്‍ അജ്മല്‍ (നാല്), ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വാഹനത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത് ചേറ്റുകുണ്ടിലെ ഇര്‍ഷാദ് (19) ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്.

വൈകിട്ട് 6.25നാണ് അപകടമുണ്ടായത്. ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. നിര്‍മാണം നടക്കുന്ന കാഞ്ഞങ്ങാട്– കാസര്‍കോട് കെഎസ്ടിപി റോഡില്‍ പള്ളിക്കര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു സമീപത്താണ് അപകടം. റോഡില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടെ കാര്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഖൈറുന്നിസ, വാഹനമോടിച്ചിരുന്ന സജീര്‍, എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ സക്കീന, സാനിറ എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റിരുന്ന ഫാത്തിമയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി അപകടത്തിനിടെ വാഹനത്തില്‍ നിന്നും തെറിച്ചു വീണതിനത്തുടര്‍ന്ന് നിസാര പരുക്കുകളോടെ രക്ഷപെട്ടു.

ഖൈറുന്നിസയുടെ കാസര്‍കോട്ടുള്ള ബന്ധുവീട്ടില്‍ നോമ്പുതുറക്കാനായി പോവുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറി റോഡരികിലുള്ള ആല്‍മരത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. ഇതിനിടെ എട്ടു മാസം പ്രായമുള്ള കുട്ടി വഴിയരികിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം രക്ഷപെടുത്തി. തുടര്‍ന്ന് സക്കീന, സാനിറ, റംസീന എന്നിവരെ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസും കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്.

-എജെ-

Share this news

Leave a Reply

%d bloggers like this: