തലശ്ശേരി സംഭവം: സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

തലശ്ശേരിയില്‍ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കളായ എ എം ഷംസീര്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ഈ നേതാക്കള്‍ അഞ്ജനയെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട സഹോദരിയെയും കുടുംബത്തെയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. അഞ്ജനയ്‌ക്കെതിരേ ആത്മഹത്യാശ്രമത്തിനും കേസെടുത്തു.
തലശ്ശേരി കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകനായ ഷിജിനിനെ മര്‍ദ്ദിച്ചതായ പരാതിയിലാണ് അഞ്ജനയും ചേച്ചി അഖിലയും അറസ്റ്റ് ചെയ്യപ്പെട്ടത്. യുവതികളെ റിമാന്‍ഡ് ചെയ്തതിനൊപ്പം അഖിലയുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും ജയിലില്‍ അടച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യുവതികളെ ജാതിപ്പേര് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും നേരത്തേ കേസെടുത്തിരുന്നു. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്.

_sk_

Share this news

Leave a Reply

%d bloggers like this: