അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്തു നടന്ന കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചായാണ് രാജിയെന്ന് അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനാവില്ലെന്നും അഞ്ജു വ്യക്തമാക്കി. അഞ്ജുവിനൊപ്പം വോളിബോള്‍ താരം ടോം ജോസ് ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മറ്റു 12 ഭരണ സമിതി അംഗങ്ങളും രാജി വെച്ചു. അതേസമയം, അഞ്ജു ബോബി ജോര്‍ജിന് കേന്ദ്രസര്‍ക്കാര്‍ പുതിയ ചുമതല നല്‍കും. കായിക വികസനത്തിനുള്ള ‘ഖേലോ ഇന്ത്യ’ പദ്ധതിയിലാണ് ചുമതല.

സ്‌പോര്‍ട്‌സ്, മതത്തിനും പാര്‍ട്ടികള്‍ക്കും അതീതമെന്നാണ് കരുതിയിരുന്നത്. തെറ്റിദ്ധാരണയുണ്ടായ സ്ഥിതിക്ക് രാജി വയ്ക്കുന്നു. ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളത്തില്‍ നടത്തിയത് നേട്ടമാണ്. പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. തന്റെ മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ പരാതി നല്‍കി. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് അഴിമതികള്‍ പുറത്തുകൊണ്ടുവരണം.

അഞ്ചു മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് തന്റെ സഹോദരന്‍ അജിത്തിനെ പരിശീലകനായി നിയമിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലല്ല അജിത്തിനെ നിയമിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്ത് പരിശീലക സ്ഥാനം രാജിവയ്ക്കും. സ്‌പോര്‍ട്‌സിനെ കൊല്ലാനാകും, പക്ഷേ തോല്‍പ്പിക്കാനാകില്ല. എത്തിക്‌സ് കമ്മിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചത് എതിര്‍പ്പിനിടയാക്കി. കൗണ്‍സിലിലെ ക്രമക്കേട് കണ്ടെത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും അഞ്ജു പറഞ്ഞു.

കായികമന്ത്രി ഇ.പി.ജയരാജന്‍ തന്നോട് മോശമായി പെരുമാറിയെന്ന് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചിരുന്നു. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നായിരുന്നു ആരോപണം. ഇതിനുപിന്നാലെ താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. വിമാനയാത്രയെക്കുറിച്ചാണ് ചോദിച്ചതെന്നും അതെങ്ങനെ മോശം പെരുമാറ്റം ആകുമെന്നും അദ്ദേഹം ചോദിച്ചു.

ആരോപണ കൊടുങ്കാറ്റ് അടങ്ങിയപ്പോള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാസം 29നകം കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ വീണ്ടും കൗണ്‍സിലിന്റെ അമരത്തെത്തിയേക്കും. 14 ജില്ലാ കൗണ്‍സിലുകളിലേക്ക് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ചര്‍ച്ചകളും തലസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാരിനു കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാമെന്ന കായികനിയമത്തിലെ വ്യവസ്ഥയാണ് നീക്കങ്ങള്‍ക്ക് തുണ.

-എജെ-

Share this news

Leave a Reply

%d bloggers like this: