മലയാളി വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദം

എടപ്പാള്‍: കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദം. കോളജ് അധികൃതരുടെ ഭാഗത്തു നിന്നാണ് ബന്ധുക്കളുടെ മേല്‍ സമ്മര്‍ദമുള്ളത്. കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉന്നത സ്വാധീനമുപയോഗിച്ചു കേസ് വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എടപ്പാള്‍ കാലടി സ്വദേശിനി അശ്വതി (19)യെന്ന വിദ്യാര്‍ഥിനിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനു വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളില്‍ നിന്നാണ് അശ്വതിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ലായനി പെണ്‍കുട്ടിയെക്കൊണ്ട് ബലമായി കുടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്നു അന്നനാളം വെന്തുരുകിയതു മൂലം ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസമായി അശ്വതി കഷ്ടപ്പെടുകയാണെന്നു മാതാവ് ജാനകിയും അശ്വതിയുടെ അമ്മാവനും പറയുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നത്.

കഴിഞ്ഞ മേയ് ഒന്‍പതിനാണ് കര്‍ണാടക ഗുല്‍ബര്‍ഗ നഴ്‌സിംഗ് കോളജില്‍ അശ്വതിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ക്രൂരമായി റാഗ് ചെയ്തത്. റാഗിംഗിനിടെ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ വിദ്യാര്‍ഥിനികള്‍ ബലമായി ലായനി ഒഴിക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പറയുന്നു. അശ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ റാഗിംഗിനെതിരേ പരാതി നല്‍കുകയും ചെയ്തു. നാലു ദിവസം ഐസിയുവിലും ഒരു ദിവസം അത്യാഹിത വിഭാഗത്തിലും കഴിഞ്ഞ അശ്വതിയുടെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ നടന്നിരുന്നില്ല.

ഇതിനിടെ റാഗിംഗ് നടത്തിയ വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലെത്തുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പോലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്ന് അറിഞ്ഞ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ അശ്വതിയെ ഡിസ്ചാര്‍ജ് ചെയ്ത് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നു അശ്വതിയെ മാതാവ് ജാനകി എടപ്പാളിലെ ആശുപത്രിയിലും തുടര്‍ന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകത്തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പൊന്നാനി പോലീസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊന്നാനി എസ്‌ഐയുടെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയോടെ വീട്ടിലെത്തി ബന്ധുക്കളോടു വിവരങ്ങള്‍ തേടിയത്. ഡിജിപിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നു ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സംഭവം അന്വേഷിക്കുന്നത്. സംഭവം നടന്നിട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയോ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: