മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് പുതിയ രൂപമാകുന്നു: ഇനി സ്‌ട്രെയിറ്റ് ഫോര്‍വേഡ്

പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്കു നേരിട്ട് പരാതികളും അപേക്ഷകളും നല്‍കുന്നതിനുള്ള സംവിധാനത്തിന് പുതിയ രൂപമാകുന്നു. സ്‌ട്രെയിറ്റ് ഫോര്‍വേഡ് എന്നു പേരിട്ട പുതിയ പരാതി പരിഹാര സെല്ലിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ജൂലൈ ഒന്നോടു കൂടി പുതിയ സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനക്ഷമമാകും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുതാര്യകേരളം എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാകും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ ജനസേവനകേന്ദ്രത്തില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെയാണ് പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയെ നേരിട്ടു കാണാനായി എത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ സ്വീകരിക്കും. അപേക്ഷകന്റെ വിവരങ്ങളും അനുബന്ധരേഖകളും തല്‍സമയം സ്‌കാന്‍ ചെയ്ത് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ നേരിട്ടു കാണാന്‍ അവസരമൊരുക്കും. പരാതിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ അതേസമയം അവര്‍ക്കു മുന്നില്‍ സജ്ജീകരിച്ച ടച്ച് സ്‌ക്രീനില്‍ തെളിയുകയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള പരിഹാര നിര്‍ദേശങ്ങള്‍ തല്‍സമയം അപ്‌ലോഡ് ചെയ്യുകയും ചെയ്യും. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സെല്ലില്‍ നിന്ന് പരാതിയുടെയും പരിഹാരനിര്‍ദേശത്തിന്റെയും വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓണ്‍ലൈനായി അയച്ചുകൊടുക്കും.
ഇതിനു പുറമേ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലൂടെയും അക്ഷയ കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസുകളും മുഖേനയും മുഖ്യമന്ത്രിക്ക് അപേക്ഷകളും പരാതികളും സമര്‍പ്പിക്കാം. ഇവ ഓണ്‍ലൈനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തും.
മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണ വകുപ്പുമാണ് സ്‌ട്രെയിറ്റ് ഫോര്‍വേഡിന്റെ മേല്‍നോട്ടം നിര്‍വഹിക്കുക. സാങ്കേതിക സഹായം നല്‍കുക സി ഡിറ്റാണ്.

_sk_

Share this news

Leave a Reply

%d bloggers like this: