വിദേശ ജോലിക്കാരെ ലക്ഷ്യമിട്ട് ഐടി മേഖല; കാത്തിരിക്കുന്നത് നിരവധി അവസരങ്ങള്‍

പ്രവാസികളെ ആകര്‍ഷിക്കുന്നതിനായി രാജ്യത്ത് നിരവധി തൊഴിലവസരങ്ങളാണ് അയര്‍ലണ്ട് സൃഷ്ടിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം 3000 ഐടി വിദഗ്ദ്ധരെ വീതം രാജ്യത്തെത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഈ രംഗത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്. തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും.

ഐ ടി രംഗത്ത് പ്രാവീണ്യം നേടിയ വിദേശികളെ രാജ്യത്ത് എത്തിക്കുന്നതിന് വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 1.9 മില്യണ്‍ യൂറോയാണ് മൂന്ന് വര്‍ഷത്തേക്ക് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. അയര്‍ലണ്ടിലെ ജോലിയുടെ രീതിയെക്കുറിച്ചും അവിടുത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ ഈ മാര്‍ക്കറ്റിങ് ക്യാമ്പയില്‍ വഴി വിദേശികളിലേക്ക് എത്തിക്കും.

ഐ ടി രംഗത്ത് പ്രാവീണ്യം നേടിയ ജീവനക്കാരെ ലഭിക്കാത്തത് കാരണം വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ഐ ടി കമ്പനി നേരിടുന്നത്. ഐ ടി കമ്പനികളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുന്നതില്‍ രാജ്യത്തെ വിദ്യാഭ്യാസ പദ്ധതി പരാജയപ്പെട്ടതിനാലാണ് വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയുടെ ഭാഗമായി പുതിയ വെബ്‌സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. മുന്‍ നിര ഐ ടി കമ്പനികളുടെ വിവരങ്ങള്‍, ഈ രംഗത്തെ തൊഴിലവസരങ്ങള്‍, കമ്പനികളുടെ ക്വാട്ടേര്‍ലി റിപ്പോര്‍ട്ട് തുടങ്ങിയവയാണ് പുതിയ വെബ് സൈറ്റില്‍ ലഭ്യമാവുക.  ഇന്ന് രാവിലെയാണ് വൈബ് സൈറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് 20,000 തൊഴില്‍ സാധ്യതകള്‍ക്കൂടി ഉണ്ടാകുമെന്ന് ചടങ്ങില്‍ തൊഴില്‍ മന്ത്രി അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത്തരത്തില്‍ മുന്നേറ്റം തുടരുകയാണെങ്കില്‍ 2018 അവസാനത്തോടെ 1 ലക്ഷം ആള്‍ക്കാരെ ഈ രംഗത്ത് നിയമിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 80,000 ല്‍ അധികം ജീവനക്കാര്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് രാജ്യത്ത് ജോലി ലഭിച്ചിരിക്കുന്നത്.

തെക്കന്‍ യൂറോപ്പിലേയും മധ്യ യൂറോപ്പിലെയും രാജ്യങ്ങളെയാണ് ഈ പദ്ധതി വഴി ആദ്യം അയര്‍ലണ്ട് ഉന്നം വയ്ക്കുന്നത്. വിദേശികള്‍ രാജ്യത്ത് എത്തിയാല്‍ അവര്‍ക്ക് താമസിക്കാന്‍ ആവശ്യത്തിന് താമസ സൗകര്യം ലഭിക്കാത്തതും വാടക പ്രശ്‌നങ്ങളുമാണ് ഈ പദ്ധതിക്ക് വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: