യൂറോപ്പില്‍ സ്വതന്ത്ര വ്യാപാരം ലഭിക്കണമെങ്കില്‍ ബ്രിട്ടന്‍ നാല് സ്വാതന്ത്ര്യങ്ങള്‍ നല്‍കേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനു ശേഷം അംഗരാജ്യങ്ങളില്‍ സ്വതന്ത്ര വ്യാപാരത്തിനുള്ള അവകാശം ലഭിക്കണമെങ്കില്‍ ബ്രിട്ടന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് നാല് സ്വാതന്ത്ര്യങ്ങള്‍ നല്‍കേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇപ്പോഴുള്ളതുപോലെ യുകെയില്‍ സ്വതന്ത്രമായ ചരക്കുനീക്കം നടത്താന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവകാശം നല്‍കുന്നതുള്‍പ്പെടെയാണ് നാല് സ്വാതന്ത്ര്യങ്ങളെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രിട്ടനോട് താരതമ്യേന മൃദുസമീപനം പുലര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്ന ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും ഈ നിര്‍ദേശത്തെ പിന്തുണച്ചു.
യൂണിയനില്‍ നിന്ന് വിട്ടുപോയാലും സ്വതന്ത്ര വ്യാപാരത്തിനുള്ള അവകാശം തുടര്‍ന്നു ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനുള്ള മറുപടിയായാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വതന്ത്ര വ്യാപാരത്തിനുള്ള അവകാശം തുടര്‍ന്നു ലഭിക്കുന്നില്ലെങ്കില്‍ ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യത്തും പ്രത്യേക അനുമതിയും അതാതിടങ്ങളിലെ നികുതിയും ആവശ്യമായി വരും. ഇതോടെ ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ക്ക് വില കൂടാനും അതുവഴി യൂറോപ്യന്‍ കമ്പോളം അന്യമാകാനും വഴിയൊരുങ്ങും. ബ്രെക്‌സിറ്റിന്റെ അനന്തരഫലം ബ്രിട്ടന്റെ സാമൂഹികവും സാമ്പത്തികവുമായ ഒറ്റപ്പെടലായിരിക്കുമെന്ന പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കം.

_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: