ഇസ്രയേലി പെണ്‍കുട്ടിയുടെ കൊലപാതകം: വെസ്റ്റ്ബാങ്കില്‍ വീണ്ടും സംഘര്‍ഷസാധ്യത

വെസ്റ്റ് ബാങ്കില്‍ ഹെബ്രോണിനു സമീപമുള്ള ഇസ്രയേലി അധിവാസമേഖലയായ കിര്യത് ആര്‍ബയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇസ്രയേലി പെണ്‍കുട്ടി സുരക്ഷാവേലി മറികടന്നെത്തിയ പലസ്തീനിയന്‍ നുഴഞ്ഞുകയറ്റക്കാരന്റെ കുത്തേറ്റു മരിച്ച സംഭവം മേഖലയില്‍ വീണ്ടും സംഘര്‍ഷസാധ്യതയ്ക്ക് വഴിവയ്ക്കുന്നു. പതിമൂന്നുകാരിയായ ഹാലേല്‍ യാഫ് ഏരിയല്‍ ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലി സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയേറ്റ് അക്രമിയും കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തില്‍ ഇസ്രയേല്‍ ഞെട്ടിത്തരിച്ചതോടെ ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ അല്പനാളായി തുടരുകയായിരുന്ന ശാന്തതയ്ക്ക് ഭംഗമുണ്ടാകാനുള്ള സാധ്യത ശക്തമായി. രക്തദാഹത്തിന്റെയും മനുഷ്യത്വഹീനതയുടെയും തെളിവാണ് കൊലപാതകമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ട്രൈറ (19) എന്ന് പാലസ്തീന്‍ അധികൃതര്‍ തിരിച്ചറിഞ്ഞ അക്രമി കിര്യത് ആര്‍ബയിലേക്ക് നുഴഞ്ഞുകയറി ഹാലേലിന്റെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ ഇയാള്‍ നിരവധി തവണ കുത്തുകയായിരുന്നു. കുട്ടിയുടെ വീടിന്റെ നിലത്തും പരവതാനിയിലും രക്തം ഒഴുകിപ്പരന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞ് ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡുകളില്‍ ഒരാള്‍ക്കും കുത്തേറ്റു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.

എല്ലാ കൗമാരക്കാരെയും പോലെ സ്‌കൂള്‍ അവധിക്കാലത്തിന്റെ ആലസ്യത്തില്‍ സുഖമായി ഉറങ്ങുകയായിരുന്നു തന്റെ മകളെന്ന് പെണ്‍കുട്ടിയുടെ അമ്മ റെന പറഞ്ഞു. അവളുടെ അമ്മയെന്ന നിലയില്‍ ഇനി തനിക്കൊന്നും പറയാനില്ലെന്നും എല്ലാവരും തങ്ങളുടെ വേദന മനസ്സിലാക്കണമെന്നും അതു സഹിക്കാനുള്ള ശക്തിയും സാന്ത്വനവും തരണമെന്നും അവര്‍ പറഞ്ഞു.
പലസ്തീനിയന്‍ നഗരമായ ഹെബ്രോണിനു സമീപമുള്ള ഇസ്രയേലി അധിവാസമേഖലയായ കിര്യത് ആര്‍ബയില്‍ എട്ടായിരത്തോളം താമസക്കാരാണ് ഉള്ളത്. ഭീകരത കൊണ്ട് തങ്ങളെ ഇവിടെ നിന്ന് മാറ്റാനാകില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഈ ഭീകരതയ്‌ക്കെതിരായി ശക്തവും ഉറച്ച മനസ്സോടെയുള്ളതുമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നെതന്യാഹുവും പ്രഖ്യാപിച്ചിട്ടുണ്ട്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: