കെന്നിയുടെ സാമ്പത്തിക ഉപദേഷ്ടാവ് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലേക്ക്, പാര്‍ലമെന്റില്‍ വിമര്‍ശനം

പ്രധാനമന്ത്രി എന്‍ഡാ കെന്നിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആന്‍ഡ്രൂ മക്‌ഡൊവലിനെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി നിയോഗിച്ചതിനെതിരേ പാര്‍ലമെന്റില്‍ വിമര്‍ശനം. ബ്രെക്‌സിറ്റ് സൃഷ്ടിച്ച സാമ്പത്തിക സാഹചര്യങ്ങളില്‍ രാജ്യം ഒരു മുഴുവന്‍ സമയ സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം ആവശ്യപ്പെടുമ്പോഴാണ് മക്‌ഡൊവല്‍ ഇഐബിയിലേക്ക് പോകുന്നതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
യാതൊരുവിധ പൊതുജനതാല്‍പര്യവും പരിഗണിക്കാതെയാണ് മക്‌ഡൊവലിനെ രണ്ടേമുക്കാല്‍ ലക്ഷം യൂറോയുടെ ജോലിക്കായി നിയോഗിച്ചതെന്ന് ലേബര്‍ പാര്‍ട്ടി അംഗം അലന്‍ കെല്ലി കുറ്റപ്പെടുത്തി. മക്‌ഡൊവലിന്റെ നിയമനം തീരുമാനിച്ചത് മന്ത്രിസഭയാണോ എന്ന കാര്യം എന്‍ഡാ കെന്നി വ്യക്തമാക്കണമെന്ന് സിന്‍ഫിന്നിലെ പിയേഴ്‌സ് ഡോഹര്‍ത്തി പറഞ്ഞു.
എന്നാല്‍ ഗവണ്‍മെന്റ് തന്നെയാണ് മക്‌ഡൊവലിനെ ഇഐബി സ്ഥാനത്തേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചതെന്നും അയര്‍ലന്റിനും യൂറോപ്യന്‍ യൂണിയനിലെ മറ്റ് മൂന്ന് അംഗരാജ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്നും പ്രധാനമന്ത്രി എന്‍ഡാ കെന്നി വ്യക്തമാക്കി. ഗ്രീസ്, റുമാനിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് അയര്‍ലന്റിനൊപ്പം ഇഐബിയുടെ ഒരു ഗ്രൂപ്പില്‍ ഉള്ളത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: