ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോന്ന രണ്ടു മലയാളികളെ കൂടി കാണാതായെന്ന് പരാതി; ഐഎസില്‍ ചേര്‍ന്നെന്ന് സംശയം

കാസര്‍കോട്: പടന്നയില്‍ നിന്ന് രണ്ടുപേരെക്കൂടി കാണാതായതായി പരാതി. ഇവര്‍ക്ക് ഐ.എസ്.ബന്ധമുള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഖത്തറില്‍ നിന്നും അബുദാബിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച ഇവര്‍ ഇനി വീട്ടിലേക്ക് വരുന്നില്ലെന്ന് വ്യാഴാഴ്ച അറിയിച്ചു. ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.

അതെസമയം, കേരളത്തില്‍ നിന്ന് അഞ്ച് ദമ്പതികളടക്കം 16 പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിവരത്തെക്കുറിച്ച് വിപുലമായ അന്വേഷണം. സംസ്ഥാന പൊലീസിനുപുറമേ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു. രാജ്യാന്തരബന്ധമുള്ള വിഷയമായതിനാല്‍ എന്‍.ഐ.എ., റോ തുടങ്ങിയ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.

കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് അഞ്ച് ദമ്പതിമാരും രണ്ട് കുഞ്ഞുങ്ങളുമടക്കം 16 പേരെ ഒരുമാസം മുമ്പ് കാണാതായത്. ഇവര്‍ സിറിയയിലോ അഫ്ഗാനിലോ ഉള്ള ഐഎസ് ക്യാമ്പുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചതോടെയാണ് വിവരം പുറത്തായത്. മതപഠനത്തിനായി ശ്രീലങ്കയിലേക്കെന്ന് പറഞ്ഞുപോയവര്‍ യഥാര്‍ഥ ഇസ്ലാമിക രാജ്യത്തെത്തി എന്നാണ് ചൊവ്വാഴ്ച സന്ദേശം അയച്ചത്.

എം.എല്‍.എ. വഴി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയെങ്കിലും എവിടെയാണ് ഇവര്‍ ഉള്ളത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാലക്കാട്ടുനിന്ന് കാണാതായ സഹോദരന്മാരുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇവരുടെ ഭാര്യമാരുടെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. വിദേശബന്ധമുള്ള കേസായതിനാല്‍ സംസ്ഥാനപൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇന്റലിജന്‍സ് ബ്യൂറോയും റോയും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. എന്‍.ഐ.എയുടെ സഹായവും തേടിയേക്കും.

Share this news

Leave a Reply

%d bloggers like this: