മിഖാ ജോണ്‍സണ്‍ ഒറ്റയ്ക്കാണ് ഡലാസില്‍ പ്രതിഷേധ റാലിക്കിടെ അഞ്ചു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്

 

ഡലാസ്: യുഎസിലെ ഡലാസില്‍ പ്രതിഷേധ റാലിക്കിടെ അഞ്ചു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയത് ഒരു അക്രമി മാത്രമാണെന്ന് കരുതുന്നുവെന്ന് പൊലീസ്. നഗരം ഇപ്പോള്‍ സുരക്ഷിതമാണെന്ന് മേയര്‍ മൈക്ക് റൗളിങ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ തോക്കുകളും ബോംബ് നിര്‍മ്മാണത്തിനുള്ള വസ്തുക്കളും കണ്ടെത്തി.

മിനസോട്ടയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഫിലാന്‍ഡോ കാസിലിനെയും ലൂസിയാനയില്‍ ആള്‍ട്ടന്‍ സ്‌റ്റെര്‍ലിങിനെയും പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡലാസില്‍ മാര്‍ച്ച് നടന്നത്. ഇതിനിടെയായിരുന്നു ആക്രമണം. യുഎസിനെ പല നഗരങ്ങളിലും വെള്ളിയാഴ്ചയും കറുത്തവര്‍ഗക്കാരുടെ കൊലപാതകത്തിനെതിരെ പ്രതിഷേധ റാലികള്‍ നടന്നു.

അക്രമി തനിച്ചാണ് വെടിവെപ്പു നടത്തിയതെന്ന് ഡലാസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണും യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ജെഹ് ജോണ്‍സണും വ്യക്തമാക്കി. ഭീഷണികളൊന്നും ഇല്ലെന്നുറപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന തുടരുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബര്‍ട്ട് പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കറുത്ത വര്‍ഗക്കാരെ കൊലപ്പെടുത്തിയതിലുള്ള പകയാണ് വെളുത്തവര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ കാരണമെന്ന് കൊല്ലപ്പെടും മുമ്പ് അക്രമിയായ മിഖ ജോണ്‍സണ്‍ സമ്മതിച്ചിരുന്നു. റോബോട്ട് ബോംബ് ഉപയോഗിച്ചാണ് 25 വയസുകാരനായ അക്രമിയെ പൊലീസ് കൊലപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് റോബര്‍ട്ട് ബോംബ് ഉപയോഗിക്കുന്നത്. കൈയ്യില്‍ സ്‌ഫോടകവസ്തു ഫിറ്റ് ചെയ്ത് റോബോട്ടിനെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അക്രമിക്ക് സമീപം എത്തിച്ച് സ്‌ഫോടനം നടത്തിക്കുകയായിരുന്നു. ഉരുണ്ടു നീങ്ങാന്‍ ചക്രം, അക്രമിയെ കാണാന്‍ ഒരു പ്രകാശ വിന്യാസം നല്‍കുന്ന ഒരു 24 ഇഞ്ച് ക്യാമറ, സ്‌ഫോടകവസ്തുക്കള്‍ വെയ്ക്കാന്‍ ഒരു കൈ, പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് അക്രമിയുമായി ആശയവിനിമയം സാധ്യമാക്കുന്ന ഓഡിയോ സംവിധാനം എന്നിവ ഈ റോബോട്ടിലുണ്ട്. മറ്റ് വഴികളെല്ലാം ജീവനക്കാര്‍ക്ക് അപകടകരമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ വഴി സ്വീകരിച്ചതെന്ന് ഡലാസ് പോലീസ് ചീഫ് ഡേവിഡ് ഒ ബ്രൗണ്‍ പറഞ്ഞു. അതേസമയം അമേരിക്കന്‍ പോലീസ് ഇത്തരം ഉപകരണം ഉപയോഗിച്ചതിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: