അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കി; മോദിയെ വിമര്‍ശിച്ച് രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ വിമതരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി. രാഷ്ട്രപതിഭരണം റദ്ദാക്കി സുപ്രീംകോടതി പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനര്‍നിയമിച്ചു. ജസ്റ്റിസ് കെ.എസ്. കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്ത് നബാം തൂകി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.

സര്‍ക്കാരിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജെ.പി .രാജ്‌ഖോവയ്ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. വിമതരും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് യോഗം ചേര്‍ന്ന് സ്പീക്കറെ പുറത്താക്കിയ നടപടിയും സുപ്രീം കോടതി മരവിപ്പിച്ചു. സ്പീക്കറെ പുറത്താക്കിയ നടപടിക്ക് ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

ബിജെപി എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസിലെ വിമതരും ചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നാണ് അരുണാചല്‍പ്രദേശിലെ നബാം തൂകി സര്‍ക്കാരിനെ പുറത്താക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ പിന്തുണയോടെ വിമതനായ കാലിഖോ പുളിനെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു പദ്ധതി. ഇതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റിട്ടു. ജനാധിപത്യമെന്തെന്ന് മോദിയെ പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി പറയുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

-എജെ-

Share this news

Leave a Reply

%d bloggers like this: